high-court

കൊച്ചി : ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ നിയമനത്തിന് ഏറ്റവും സീനിയറായ ഹയർ സെക്കൻഡറി അദ്ധ്യാപകനെ പരിഗണിക്കണമെന്ന സർക്കാർ ഉത്തരവ് പ്രിൻസിപ്പൽ - ഇൻ - ചാർജ് നിയമനത്തിനും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമനത്തിന് സീനിയോറിറ്റി നോക്കാതെ യോഗ്യരായവരെ പരിഗണിക്കാമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ കണ്ണൂർ ജില്ലയിലെ കടമ്പൂര് ഹയർ സെക്കൻഡറി അദ്ധ്യാപകരായ കെ.പി. ഷാജു, എം. മഹേഷ്‌കുമാർ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കടമ്പൂർ എച്ച്.എസ്.എസിലെ പ്രിൻസിപ്പലിനെ അച്ചടക്ക നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ - ഇൻ - ചാർജായി സീനിയോറിറ്റി പരിഗണിക്കാതെ മറ്റൊരു അദ്ധ്യാപകനെ സ്കൂൾ മാനേജർ നിയമിച്ചു. എന്നാൽ, കണ്ണൂർ റീജിയണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഇതനുവദിച്ചില്ല. സർക്കാരിന്റെ 2002 ലെ ഉത്തരവനുസരിച്ച് ഏറ്റവും സീനിയറായ ഹയർ സെക്കൻഡറി അദ്ധ്യാപകരെയാണ് നിയമനത്തിന് പരിഗണിക്കേണ്ടതെന്നും ഇതുപാലിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തി. തുടർന്ന് മാനേജർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രിൻസിപ്പൽ - ഇൻ - ചാർജിനെ നിയമിക്കാൻ ഇൗ വ്യവസ്ഥ പാലിക്കേണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഇതിനെതിരെയാണ് സീനിയോറിറ്റി ലിസ്റ്റിലുള്ള അദ്ധ്യാപകർ അപ്പീൽ നൽകിയത്. പ്രിൻസിപ്പൽ - ഇൻ - ചാർജ് നിയമനത്തിനും സീനിയോരിട്ടി ബാധകമാണെന്നും മറിച്ചുള്ള വാദം അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സീനിയോറിറ്റി അടിസ്ഥാനമാക്കി പ്രിൻസിപ്പൽ-ഇൻ-ചാർജിനെ ഒരുമാസത്തിനുള്ളിൽ നിയമിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.