മുംബയ്: ഓഹരി വിപണിക്ക് തിരിച്ചടി. അന്താരാഷ്ട്ര വിപണിയിലെ പ്രശ്നങ്ങളും കാശ്മീർ സംഭവവികാസങ്ങളുമാണ് കാരണം. ഇന്നലെ സെൻസക്സ്
701 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യവും കുറഞ്ഞു.
അമേരിക്ക - ചൈന വാണിജ്യയുദ്ധം ഏഷ്യൻ വിപണിയിൽ സൃഷ്ടിക്കുന്ന മാന്ദ്യമാണ് ഇന്നലെ ഇന്ത്യൻ ഓഹരികളെയും ബാധിച്ചത്.
ഡോളറിന് 70 രൂപയായി രൂപയുടെ മൂല്യം. ഇന്നലെ 99 പൈസ ഇടിഞ്ഞു. ചൈനീസ് കറൻസി യുവാനും ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. സെൻസെക്സ് 701 പോയിന്റും നിഫ്റ്റി 50 പോയിന്റും താണു. കഴിഞ്ഞ ദിവസം ചൈനീസ് ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഏഷ്യൻ ഓഹരികൾക്ക് പത്ത് മാസത്തിനിടെയുണ്ടായ ഇടിവാണ് ഇന്നലെ സംഭവിച്ചത്. ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ലോഹ മേഖലകളിലെ ഓഹരികൾ നഷ്ടം നേരിട്ടവയിൽ മുന്നിലുണ്ട്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റാ കൺസൾട്ടൻസി സർവീസസ്, എച്ച്.ഡി.എഫ്.സി, സിപ്ള തുടങ്ങിയ കമ്പനികൾ ഇതിടെ നേട്ടങ്ങളും ഉണ്ടാക്കി.