കോലഞ്ചേരി: എറണാകുളം ജില്ലാ പഞ്ചായത്തും കോലഞ്ചേരി പ്രസ് ക്ലബും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡി​റ്റോറിയത്തിൽ 10 ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷനാകും. എറണാകുളം ജനറൽ ആശുപത്രിയിലെ ത്വക്ക്. കണ്ണ്, ചെവി വിഭാഗങ്ങളിലെ ഡോക്ടർമാരും കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭിക്കും. മരുന്ന് സൗജന്യം. ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും സൗജന്യമാണ്.

ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി (ചെയർമാൻ), പൂതൃക്ക ഗ്രാമ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷൻ പോൾ വെട്ടിക്കാടൻ (ജനറൽ കൺവീനർ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ (ട്രഷറർ), പ്രസ് ക്ലബ് സെക്രട്ടറി എൻ. പി. വർഗീസ് കുട്ടി, എൻ.കെ. ജിബി , എം.എം. പൗലോസ് (കൺവീനർമാർ) എന്നിവർ ഭാരവാഹികളായി സംഘടക സമിതിയും രൂപവത്ക്കരിച്ചു. ക്യാമ്പ് ദിവസം എത്തുന്ന 400 പേർക്ക് പദ്ധതി പ്രയോജനപ്പെടുത്താം. തത്സമയ രജിസ്‌ട്രേഷന് ക്യാമ്പിൽ സൗകര്യമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.