കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമഭേദഗതിക്കെതിരെ മാദ്ധ്യമപ്രവർത്തകരും പത്രജീവനക്കാരും സംയുക്തമായി പ്രകടനവും യോഗവും നടത്തി. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) ജില്ലാ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. പ്രസ് ക്ലബ്ബിൽ നിന്നാരംഭിച്ച പ്രകടനം ബോട്ട് ജെട്ടിക്കു സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽഅവസാനിച്ചു. യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനംചെയ്തു.
ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി.
കെ.യു.ഡബ്ല്യു.ജെ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അരുൺ ചന്ദ്രബോസ് അദ്ധ്യക്ഷനായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളായ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, സംസ്ഥാന നിർവാഹക സമിതിയംഗം ജോൺ ലൂക്കോസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി രമേശൻ എന്നിവർ സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി സുഗതൻ.പി.ബാലൻ സ്വാഗതവും കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി എം.ടി വിനോദ് നന്ദിയും പറഞ്ഞു.