കൊച്ചി: എറണാകുളം ജില്ല ആയൂർവേദ ആശുപത്രിയിൽ ഇന്നു മുതൽ കർക്കട ഔഷധ സേവാവാരം ആരംഭിക്കും. ദശപുഷ്പ സ്വരസത്തിൽ കർക്കട കഞ്ഞിക്കൂട്ട്, കരുപ്പട്ടി, തേങ്ങാപ്പാൽ എന്നിവ ഞവരയരി ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഔഷധക്കഞ്ഞി ഒരാഴ്ചക്കാലം രാവിലെ 11.30 ന് ആശുപത്രി ഒ.പി.ഹാളിൽ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്‌ദുൾ മുത്തലിബ് ഇന്ന് രാവിലെ ഉദ്‌ഘാടനം നിർവഹിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജാൻസി ജോർജ് അദ്ധ്യക്ഷയാകും. കേരള ഗവ.ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഔഷധ സേവാവാരം നടത്തുന്നത്. പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി.വൈ.എൽസി അറിയിച്ചു.