പറവൂർ : ലഹരികടത്ത് മാഫിയക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ലഹരികടത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കാലിന് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന എക്സൈസ് സബ് ഇൻസ്പെക്ടർ എസ്. മനോജ് കുമാറിനെ സന്ദർശിക്കുകയായിരുന്നു മന്ത്രി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമണം നടത്തുന്ന ലഹരി കടത്ത് മാഫിയാ സംഘങ്ങളെ നേരിടാൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. കഴിഞ്ഞ മാസം 30ന് വണ്ടൂർ വാണിയമ്പലത്തുവെച്ച് ലഹരികടത്തു കേസിലെ പ്രതി ജോർജുകുട്ടിയെ പിടികൂടുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ എസ്.മനോജ്കുമാറിന് വെടിയേറ്റത്. കാലിൽ മാരകമായി പരുക്കേറ്റ മനോജ്കുമാർ ശസ്ത്രക്രിയക്കുശേഷം പറവൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. മനോജിന്റെ ചികിത്സാ ചെലവ് എക്സൈസ് വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയച്ചു. പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, എൻ.എസ്. അനിൽകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.