കോലഞ്ചേരി: നിങ്ങൾ ഇരുചക്രവാഹനത്തിൽ യാത്ര പുറപ്പെടും മുമ്പ് ഇനി സഹയാത്രികനും ഹെൽമെറ്റ് ഉറപ്പാക്കിയില്ലെങ്കിൽ പണി പാളും. കനത്തപിഴയാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത്. നാലുചക്ര വാഹനത്തിലാണ് യാത്രയെങ്കിൽ എല്ലായാത്രക്കാരും സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ പിടിവീഴും. ഇതിനൊക്കെ മുന്നോടിയായി പൊലീസ് ബോധവത്കരണവുമായി റോഡിലിറങ്ങി. രണ്ടാം ഘട്ടം മുതൽ പിഴ ഈടാക്കും. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധന തുടങ്ങിയത്.
അഞ്ചുമുതൽ എട്ടുവരെ തീയതികളിൽ ഹെൽമെറ്റില്ലാത്ത വാഹനമോടിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരനെതിരെ പിഴയും പിൻ സീറ്റുകാരന് ബോധവത്കരണവും നൽകും. ഐ.എസ്.ഐ മാർക്കുള്ള ഹെൽമെറ്റ് ധരിക്കണം. ചിൻ സ്ട്രാപ്പുമിടണം. സീറ്റ് ബെൽറ്റിടാത്ത നാലു ചക്രവാഹന ഡ്രൈവർമാർക്കെതിരെ പിഴയും സീറ്റ് ബെൽറ്റിടാതെ വാഹനത്തിലുള്ള മറ്റുള്ളവർക്ക് ബോധവത്കരണവും നൽകും. വരും ദിവസങ്ങളിൽ കുട്ടി പൊലീസ്, എൻ.സി.സി കേഡറ്റുകളും ബോധവത്കരണത്തിന് റോഡിലിറങ്ങും. മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ലഘുലേഖകളും വിതരണം ചെയ്യും. ഇപ്പോൾ പഴയ നിരക്കിലാണ് പിഴ ഈടാക്കുന്നത്. പിഴത്തുക കൂട്ടിയുള്ള വിജ്ഞാപനമിറങ്ങുന്ന മുറയ്ക്ക് പിഴകൂട്ടി വാങ്ങും.
ഹെൽമെറ്റ് ബോധവത്കരണത്തിന് പൊലീസ് ട്രോളൻമാർ ടിക് ടോക്കിൽ വീഡിയോയുമിറക്കി. വീടിനടുത്ത് നിന്ന് മുട്ട വാങ്ങാൻ ഹെൽമെറ്റില്ലാതെ ബൈക്കിൽ കടയിൽ പോയ യുവാവിനെ പൊലീസ് പിടിക്കുന്നു. മുട്ട പൊട്ടും പോലെയാണ് യാത്രക്കാരന്റെ തല തകരുന്നതെന്ന് ബോദ്ധ്യപ്പെടുത്താൻ മുട്ട റോഡിലിട്ട് പൊട്ടിച്ച് കാണിക്കുന്ന ടിക് ടോക്ക് വീഡിയോയാണ് ഫ്രീക്കൻമാരെ ബോധവത്കരിക്കാൻ ഉദ്ദേശിച്ച് പൊലീസ് ഇറക്കിയത്.