പറവൂർ : താലൂക്ക് പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് അടിയന്തിരമായി നടത്താൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. താമസ രീതികൾ, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ മേധാവികൾക്ക് നിർദ്ദേശം നൽകി. ഈ മാസം 30നകം പഞ്ചായത്ത് പ്രസിഡന്റുമാരുടേയും നഗരസഭ അദ്ധ്യക്ഷന്മാരുടേയും നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലും യോഗംവിളിച്ച് വിവരങ്ങൾ ശേഖരിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. പറവൂർ താലൂക്കിൽ പൊലീസ്, എക്സൈസ്, പഞ്ചായത്ത് പ്രതിനിധികൾ, ലേബർ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേർത്ത് നൈറ്റ് സ്ക്വാഡ് രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.