# നടപടി തീർന്നാൽ ഈ മാസം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും.

പള്ളുരുത്തി: കച്ചേരിപ്പടി മാർക്കറ്റ് ഇനി മുതൽ കെ.എസ്.ഇ.ബി.ഓഫീസായി മാറുന്നു.കൊച്ചിൻ കോർപ്പറേഷന്റെ ഭാഗത്തു നിന്നുള്ള പേപ്പർ ജോലികൾ പൂർത്തിയായി. ഇനി കെ.എസ്.ഇ.ബി അധികാരികൾ കൂടി ഉഷാറായാൽ ഓഫീസ് തുറക്കും. വർഷങ്ങൾക്കു മുൻപ് കൊച്ചിൻ കോർപ്പറേഷൻ രണ്ടര കോടി രൂപാ ചെലവഴിച്ച് തുറന്ന മാർക്കറ്റ് കഞ്ചാവ്, മയക്കമരുന്ന്, സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് മാർക്കറ്റിലേക്ക് സ്ത്രീകൾ ഉൾപ്പടെയുള്ളവർ വരാതായി.മാർക്കറ്റിലെ സ്റ്റാളുകൾ എടുക്കാൻ ആളില്ലാതായി.ഇതു മൂലം അറവ് മാടുകളെയും മറ്റും ഇവിടെയാണ് അറക്കുന്നത്.ഇതിന്റെ രക്തവും മറ്റു അവശിഷ്ടങ്ങളും സമീപത്തെ കാനയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതു മൂലം സാo ക്രമിക രോഗങ്ങൾ ഉൾപ്പടെ പ്രദേശത്ത് പടർന്നു പിടിക്കുകയാണ്. പ്രദേശത്തെ പലരും ഇപ്പോൾ പള്ളുരുത്തി വെളിമാർക്കറ്റിനെയാണ് സമീപിക്കുന്നത്.കെഎസ്.ഇ .ബി.അധികാരികൾ മുൻകൈയെടുത്ത് ഓഫീസ് തുറക്കുന്ന പക്ഷം ഈ ഭാഗത്തെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന് അറുതിയാകും. മാർക്കറ്റിനു സമീപത്തു തന്നെയാണ് കൊച്ചിൻ കോർപ്പറേഷന്റെ ടൗൺ ഹാളും മൈതാനവും കുട്ടികളുടെ പാർക്കും ഗവ.ആശുപത്രിയും സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് പശ്ചിമകൊച്ചി പ്രദേശമായ പള്ളുരുത്തി,കോണം, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് മാർക്കറ്റിൽ എത്തിയിരുന്നത്. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനെ തുടർന്ന് റസിഡൻസ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിട്ടും കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

#തങ്ങൾ നഗറിൽ പ്രതിമാസം പതിനയ്യായിരം രൂപ നൽകിയാണ് കെ.എസ്.ഇ.ബി ഓഫീസ് പ്രവർത്തിക്കുന്നത്.

#കച്ചേരിപ്പടിയിലേക്ക് മാറുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാകും.