സ്വന്തം ലേഖിക
കൊച്ചി: കൊച്ചിക്കാരുടെ വായനാലോകമായ എറണാകുളം പബ്ളിക് ലൈബ്രറി പുതുപുത്തനാകുന്നു. ലൈബ്രറിയുടെ 45 സെന്റ് സ്ഥലത്ത് അഞ്ചുനിലകളിലായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളോടെ നവീകരണം. 50,000 ചതുരശ്ര അടിയിൽ ലൈബ്രറിയ്ക്ക് പുറമെ മിനി തിയേറ്റർ, കഫറ്രേരിയ, ഓഡിറ്റോറിയം, ആർട്ട്ഗാലറി എന്നിവയെല്ലാം ഉണ്ടാകും. ഇതിനായി സർക്കാരിന്റെയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുമെല്ലാം ചേർത്ത് 12 കോടി രൂപ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലൈബ്രറി അധികൃതർ. പുതിയ മുഖം സ്വന്തമാക്കുമ്പോൾ നിലവിലുള്ള മലയാളം, ഇംഗ്ലീഷ്, തമിഴ്, കൊങ്കണി, സംസ്‌കൃത ഭാഷാ പുസ്തകങ്ങൾക്ക് പുറമെ റഫറൻസ് ഗ്രന്ഥങ്ങൾക്ക് പ്രാധാന്യം നൽകാനാണ് അധികൃതരുടെ ആലോചന.
പതിനൊന്നായിരത്തോളം അംഗങ്ങളുള്ള ലൈബ്രറിയിൽ ദിനവും ആയിരത്തിലേറെ വായനക്കാരെത്താറുണ്ട്. ഓരോ മാസവും 450 പുസ്തകങ്ങൾ ലൈബ്രറിയുടെ ശേഖരത്തിലേക്ക് കൂടിച്ചേരാറുണ്ട്. ലൈബ്രറിയുടെ വെബ്‌സൈറ്റ് വഴിയും പ്രത്യേക സോഫ്ട്‌വെയർ വഴിയും പുസ്തകങ്ങൾ തേടാം. വർഷം 10 ലക്ഷത്തിലേറെ രൂപയുടെ പുസ്തകങ്ങൾ വാങ്ങും. അംഗത്വ ഫീസും റീഡിംഗ് ചാർജുമാണ് വരുമാന സ്രോതസ്.
പുതിയ കെട്ടിടത്തിൽ
ആകെ സ്ഥലം - 50,000 ചതുരശ്രയടി
ലൈബ്രറി ഏരിയ - 10,000 ചതുരശ്രയടി
റീഡിംഗ് റൂം - 3,000 ചതുരശ്രയടി
കോൺഫറൻസ് ഹാൾ - 2,200 ചതുരശ്രയടി
ബേസ്‌മെന്റ് പാർക്കിംഗ് - 7167 ചതുരശ്രയടി
ഓഡിറ്റോറിയം സീറ്റിംഗ് കപ്പാസിറ്റി - 300
മിനി തീയേറ്റർ സീറ്റിംഗ് കപ്പാസിറ്റി - 250
ലൈബ്രറിയിലെ പുസ്തക ശേഖരം - 2,00,000
ആനുകാലിക പ്രസിദ്ധീകരണങ്ങൾ - 200
ദിനപത്രങ്ങൾ - 26
അൽപം ചരിത്രം
1870 ൽ കോളേജ് പദവി ലഭിക്കും മുമ്പ് സ്കൂളായിരുന്ന മഹാരാജാസിലെ അന്നത്തെ പ്രിൻസിപ്പൽ എ.എഫ് സീലിയാണ് ലൈബ്രറിയ്ക്ക് തുടക്കമിട്ടത്. ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടനിൽ നിന്നെത്തിച്ച പുസ്തകങ്ങളുമായാണ് പബ്ളിക് ലൈബ്രറിയുടെ തുടക്കം. ഓല ഷെഡിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ദിവാൻ ശങ്കുണ്ണി മേനോനായിരുന്നു നിർവഹിച്ചിരുന്നത്. അംഗങ്ങളുടെ എണ്ണം കൂടിയപ്പോൾ തൊട്ടടുത്ത ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി. സ്വന്തമായി ഒരു കെട്ടിടം എന്നതായിരുന്നു അംഗങ്ങളുടെയെല്ലാം സ്വപ്നം. അതിനായി ധനം സമാഹരിച്ചെങ്കിലും നടന്നില്ല. പിന്നെ ഇന്നത്തെ ലാ കോളേജായ ടൗൺഹാൾ കെട്ടിടത്തിലേക്ക് ലൈബ്രറി പ്രവർത്തനം മാറ്റി. സ്വന്തം സ്ഥലമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നൂറ് വർഷം കാത്തിരിക്കേണ്ടി വന്നു. നൂറാംവാർഷികാഘോഷത്തിലാണ് നിലവിലുള്ള 'രവിവർമ മന്ദിരം' സ്ഥിതിചെയ്യുന്ന സ്ഥലം സർക്കാർ ലൈബ്രറിയ്ക്കായി നൽകി. 1974ൽ ഇന്നത്തെ കെട്ടിടത്തിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു.