കോലഞ്ചേരി: ജില്ലാ ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുജറാത്തി സ്‌പോർട്‌സ് അക്കാദമി, സെന്റ് ആൻസ് കൂവപ്പടി, സെന്റ് പീറ്റേഴ്‌സ് കടയിരുപ്പ്, എസ്.എൻ.വി നോർത്ത് പറവൂർ, ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടം, സ്‌റ്റെല്ലാ മേരിസ് തിരുവാണിയൂർ, ശ്രീ ഗുജറാത്തി വിദ്യാലയ, എസ്‌.വി.ഡി പള്ളുരുത്തി എന്നി ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ യാഖാ സ്‌പോർട്‌സ്, സ്‌റ്റെല്ലാ മേരീസ് തിരുവാണിയൂർ, കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ, സെന്റ് ആൻസ്, ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടം, അസീസി സ്‌പോർട്‌സ് അക്കാദമി, സെന്റ് പീറ്റേഴ്‌സ് കടയിരുപ്പ്, ഫാത്തിമ അക്കാദമി എന്നി ടീമുകളും മാറ്റുരയ്ക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജൻ മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ആന്റണി ജൂഡ് അദ്ധ്യക്ഷനായിരുന്നു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി കെ എം ഷാഹുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി രേവതി രതീഷ്, ടെസ്മണ്ട് ടുഡു, ബെന്നി, ബിജു വി. പീറ്റർ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ 9 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 ടീമുകളും പങ്കെടുത്തു. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച സമാപിക്കും.