കൊച്ചി : ഈമാസം ഒമ്പത് ക്വിറ്റ് ഫാസിസ്റ്റ്, വർഗീയ ദിനമായി ആചരിക്കാൻ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി തീരുമാനിച്ചതായി ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അറിയിച്ചു. എച്ച്.എം.എസ് യൂണിയനുകളും സമാന പാർട്ടികളും പിന്തുണ നൽകും. 31 ന് എറണാകുളം ആശിർഭവനിൽ ചേരുന്ന പാർട്ടിയുടെ പ്രഥമയോഗം ഭാരവാഹികളെ തിരഞ്ഞെടുക്കും. സോഷ്യലിസ്റ്റുകളുടെയും സോഷ്യലിസ്റ്റ് പാർട്ടികളുടെയും ദേശീയ ഉച്ചകോടി ഒക്ടോബർ 11, 12 തീയതികളിൽ ആലുവ ഏയ്ലി ഹിൽസിൽ നടക്കും. സോഷ്യലിസ്റ്റ് ദേശീയ ബദലിന് യോഗം രൂപം നൽകും.

കാശ്‌മീർ ജനതയെ അന്യവത്കരിക്കുന്ന നടപടിയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിനെ നോക്കുകുത്തിയാക്കി ജനവിരുദ്ധ, തൊഴിലാളി നിയമങ്ങൾ പാസാക്കുകയാണ്. പ്രതിരോധിക്കുന്നതിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പരാജയപ്പെട്ടെന്നും തമ്പാൻ തോമസ് പറഞ്ഞു.