#ചെറിയ രീതിയിൽ മീനുകളുമായി ബോട്ടുകൾ എത്തി

തോപ്പുംപടി: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ ഇന്നലെ മടങ്ങിയെത്തിയ ബോട്ടുകൾക്ക് ചെറിയ രീതിയിൽ മത്സ്യം ലഭിച്ചത് ഹാർബറുകളിൽ ചെറിയൊരു പ്രതീക്ഷക്ക് വകയായി.ചൂര, കരിക്കാടി, അയല എന്നീ മത്സ്യങ്ങളുമായാണ് ബോട്ടുകൾ തോപ്പുംപടി, മുനമ്പം ഹാർബറുകളിൽ എത്തിയത്. ഉണങ്ങി കരിഞ്ഞ് കിടന്ന ഹാർബറുകളിൽ ഇതോടെ ഉത്സവ പ്രതീതിയായി. കിട്ടിയ മീനുകൾക്ക് തീവിലയായിരുന്നു. ഇനിയും നിരവധി ബോട്ടുകൾ മടങ്ങി എത്താനുണ്ട്. വൻ മീനുകളെ പ്രതീക്ഷിച്ച് ചൂണ്ട ബോട്ടുകൾ ഇപ്പോഴും കടലിൽ തമ്പടിച്ചിരിക്കുകയാണ്.കഴിഞ്ഞവർഷങ്ങളിൽ എത്തിയ ബോട്ടുകൾക്ക് ചാളയും അയലയും കിളിമീനും ലഭിച്ചിരുന്നത് ഇത്തവണ തൊഴിലാളികൾക്ക് വൻ തിരിച്ചടിയായി. സാധാരണ ടൺ കണക്കിന് ലഭിച്ചിരുന്ന കിളിമീനും ഇപ്പോൾ വളരെ കുറച്ച് മാത്രമാണ് ലഭിക്കുന്നത്.

# ചാള കിട്ടാകനി

സാധാരണക്കാരന്റെ മീനായ ചാള ഈ വർഷം കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് ചേക്കേറിയത് തൊഴിലാളികളിൽ കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്. വരവ് ചാളക്കും മാർക്കറ്റിൽ വൻ ഡിമാന്റാണ്. മുൻ കാലങ്ങളിൽ മാർക്കറ്റുകളിൽ എത്തിയിരുന്ന ഒമാൻ ചാളയും, കോക്കാൻ ചാളയും തീരെ ലഭിക്കാത്ത സ്ഥിതിയായി മാറി.