കൊച്ചി : ഭരണഘടനയുടെ അന്ത:സത്തയെയും പൗരാവകാശങ്ങളെയും ജനാധിപത്യാവകാശങ്ങളെയും പൂർണമായി പിച്ചിച്ചീന്തുന്ന നടപടിയാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുന്ന ബി.ജെ.പി നയം ആപത്കരമാണെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മതങ്ങളെയും വിശ്വാസങ്ങളെയും ഭിന്നിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടപടിക്ക് പിന്നിൽ. രാജ്യത്തെ ബാധിക്കുന്ന നിയമങ്ങൾ ദോശചുടുന്ന ലാഘവത്തോടെ ചർച്ചയില്ലാതെ പാസാക്കുകയാണ്. കരിനിയമങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യലും ഏകാധിപത്യവുമാണ്.
പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ബി.ജെ.പി നടത്തുന്ന തന്ത്രങ്ങൾ അധികകാലം ഫലിക്കില്ല. വ്യവസ്ഥാപിത മാർഗത്തിൽ ബില്ലിനെ കോൺഗ്രസ് എതിർത്തിട്ടുണ്ട്. ഭാവി നടപടികൾ ചൊവ്വാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.