വൈപ്പിൻ: മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ചരക്കു കപ്പലിടിച്ച് 12 പേരുടെ ജീവൻ പൊലിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.
നല്ല വീടുപോലുമില്ലാത്തവരാണ് മരിച്ചവരും കാണാതായവരുമായ തൊഴിലാളികൾ. അത്യാവശ്യം ജീവിത സൗകര്യങ്ങൾ പോലും തമിഴരായ ഇവർക്കില്ല. മരണമടഞ്ഞ ഏക മലയാളിയുടെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ നൽകി. ബോട്ടുടമ സാംബനും മുനമ്പത്തെ മറ്റ് ബോട്ടുടമകളും തങ്ങൾക്കാകാവുന്ന സഹായങ്ങൾ നൽകി. എന്നാൽ തമിഴ്‌നാട് സ്വദേശികൾക്കും ബംഗാൾ സ്വദേശിക്കും അതാതിടങ്ങളിലെ സർക്കാർ ഒന്നും തന്നെ നൽകിയില്ല.
കപ്പലിന്റെ അശ്രദ്ധ കൊണ്ടുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ഇൻഷ്വറൻസ് തുക കൊടുക്കാനുള്ള ബാദ്ധ്യത കപ്പലിന്റെ ഉടമയായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കുണ്ട്. അപകടമുണ്ടായസമയത്ത് കപ്പൽ ജീവനക്കാരുടെ സംഭാഷണങ്ങൾ വോയ്‌സ് റെക്കോർഡറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഭാഷണത്തിൽ നിന്നു തന്നെ ബോട്ട് വരുന്നതും ഇടിക്കുന്നതും ഇടിച്ച ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ യാത്ര തുടരുന്നതുമെല്ലാം വെളിവായിട്ടുണ്ട്.
മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ഏക പ്രതീക്ഷ ഈ കേസിന്റെ വിധിയിലാണ്. കേസ് നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം വിധിയുണ്ടാകുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൊഴിലാളികളും ബോട്ടുടമകളും ആവശ്യപ്പെടുന്നത്. തിരച്ചിൽ നാല് ദിവസം നീണ്ടെങ്കിലും ബോട്ട് കണ്ടെത്താൻ പോലുമായില്ല. കേരളം മുഴുവൻ മഹാപ്രളയത്തിലായതോടെ തെരച്ചിലിന് അവസാനമായി.
ചെന്നൈയിൽ നിന്നു ഇറാക്കിലേക്ക് പോകവേ കപ്പൽ ചാലിൽ നിന്ന് മാറി യാത്ര ചെയ്ത ഇന്ത്യൻ എണ്ണക്കപ്പൽ എം.വി. ദേശ് ഭക്തിയാണ് അപകടമുണ്ടാക്കിയത്. തമിഴ്‌നാട് കുളച്ചാലിനടുത്ത് രാമൻതുറൈ സ്വദേശികളായ യുഗനാഥൻ, യാക്കൂബ്, യേശുപാലൻ, സഹായരാജ്, ഏക മലയാളി പറവൂർ മാല്യങ്കര സ്വദേശി ഷൈജു എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ബാക്കി ഏഴു പേർ കടലിന്റെ കാണാക്കയങ്ങളിലാണ്ടു.
ആരോഗ്യദിനേശ്, രാജേഷ്‌കുമാർ, പോൾസൺ, അരുൺകുമാർ, ഷാലു, ബിപുൽ എന്നീ രാമുൻതുറൈ സ്വദേശികളും ബിബിൻദാസ് എന്ന കൊൽക്കൊത്ത സ്വദേശിയുമാണ് ആഴങ്ങളിൽ മറഞ്ഞത്.
ഇടിയേറ്റ ബോട്ട് രണ്ടായി പിളർന്ന് അടിത്തട്ടിലേക്ക് താഴ്ന്നു എന്നും കാണാതായവർ ബോട്ടിന്റെ വീൽബോക്‌സിൽ കുടുങ്ങിപ്പോയി എന്നുമാണ് നിഗമനം.
മുനമ്പം സ്വദേശി പി.ബി. സാംബന്റേതായിരുന്നു ഓഷ്യാന എന്ന ബോട്ട്.