വൈപ്പിൻ : കഴിഞ്ഞ ഞായറാഴ്ച ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ സംഘർഷത്തിലായതിനെ തുടർന്ന് കുർബാന മുടങ്ങിയ ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് സിറിയൻ ജാക്കോബൈറ്റ്‌സ് പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്‌സ് വിഭാഗം പള്ളി തുറന്ന് ആരാധന നടത്തി. ഇരുവിഭാഗങ്ങളും വ്യത്യസ്ഥ സമയങ്ങളിൽ കുർബാന നടത്തിയിരുന്ന പള്ളിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആദ്യം കുർബാന നടത്താൻ അനുവദിക്കപ്പെട്ടിരുന്ന ഓർത്തഡോക്‌സുകാർക്ക് പള്ളിയുടെ താക്കോൽ കൈമാറാൻ യാക്കോബായ വിഭാഗം തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവിഭാഗങ്ങളും സംഘർഷത്തിലായി. രണ്ടു വിഭാഗങ്ങൾക്കും കുർബാന നടത്താൻ കഴിഞ്ഞില്ല.
കോടതിവിധികൾ ചൂണ്ടിക്കാട്ടിയാണ് വികാരി ഫാ. ടുബി ഇടമറുകിന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളി തുറന്ന് ആരാധന നടത്തിയത്. മുനമ്പം, ഞാറക്കൽ സി.ഐ.മാരായ കെ.കെ. അഷറഫ്, എം.കെ. മുരളി എന്നിവരുടെ നേതൃത്വത്തിൽ വലിയൊരു പൊലീസ് സംഘം പള്ളിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൊച്ചി തഹസിൽദാർ, പള്ളിപ്പുറം വില്ലേജ് ഓഫീസർ എന്നിവരും ഉണ്ടായിരുന്നു.