വൈപ്പിൻ: ഈ വർഷത്തെ സഹോദരൻ അയ്യപ്പൻ സ്മാരക പുരസ്‌കാരത്തിന് മംഗളാനന്ദന്റെ 'മുലക്കരം' എന്ന കൃതി അർഹമായി. 20,000 രൂപയും കീർത്തിഫലകവും അടങ്ങുന്ന അവാർഡ് സഹോദരന്റെ 130-ാം ജന്മവാർഷിക ദിനമായ 22ന് പ്രൊഫ. എം കെ സാനു മംഗളാനന്ദന് സമ്മാനിക്കും. വൈകിട്ട് 3.30ന് ചെറായി സഹോദരൻ സ്മാരകത്തിൽ നടക്കുന്ന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്. ശർമ എം.എൽ.എ അദ്ധ്യക്ഷനാകും.
അരൂർ സ്വദേശിയായ മംഗളാനന്ദൻ ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥനാണ്. ബി.എസ്.എൻ.എൽ എക്‌സിക്യുട്ടീവ് അസോസിയേഷൻ ആൾ ഇന്ത്യ കൺസൾട്ടന്റുമാണ്.
സഹോദരൻ മാസികയിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരവും പൂയപ്പിള്ളി തങ്കപ്പൻ രചിച്ച സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗദർശി എന്ന പുസ്തകവും ചടങ്ങിൽ ജസ്റ്റിസ് കെ. സുകുമാരൻ പ്രകാശനം ചെയ്യും.