കൊച്ചി: ഡിജിറ്റൽ, ഇലക്ട്രോണിക്‌സ് ഉത്പന്ന വിപണനരംഗത്തെ പ്രമുഖരായ മൈജി ഇന്ത്യയിലും വിദേശത്തും ഷോറൂം ശൃംഖല വ്യാപിപ്പിക്കും. മൈജി ബ്രാൻഡിൽ സ്വന്തം ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കാനും പദ്ധതിയുണ്ട്. മൈജിക്ക് കേരളത്തിൽ 75 ഷോറൂമുകളുണ്ട്. 2020ൽ ഇത് 100 ആയി വർദ്ധിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു.
50 അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഷോറൂമുകളിൽ ലഭ്യമാക്കും. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവടങ്ങളിലും ഷോറൂമുകൾ ആരംഭിക്കും. തുടർന്ന് രാജ്യം മുഴുവൻ വ്യാപിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലും ഷോറൂമുകൾ തുടങ്ങും. മൈജി ബ്രാൻഡിൽ മൊബൈൽ ഫോണുകൾ, ടിവി, സൗണ്ട് സിസ്‌റ്റം, എ.സി എന്നിവ കേരളത്തിൽ നിർമ്മിക്കും. ഇവയുടെ രൂപകല്‌പന ഗവേഷണ-വികസന വിഭാഗം തയ്യാറാക്കുന്നുണ്ട്. 2021ൽ നിർമ്മാണശാല ആരംഭിക്കും.
കോഴിക്കോട് ഷോറൂം
ഉദ്ഘാടനം 10ന്
മൈജിയുടെ കോഴിക്കോട് പൊറ്റമ്മൽ ഷോറൂം ഈമാസം 10ന് രാവിലെ 11ന് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. നാലു നിലകളിൽ 12,000 ചതുരശ്രയടി വിസ്‌തീർണമുള്ള ഷോറൂം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമാണ്. മൈജിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ പ്രവർത്തിക്കും. തിരുവനന്തപുരത്ത് രണ്ടു ഷോറൂമുകൾ ഈമാസം 17നും കോട്ടയം ഷോറൂം 24നും ഉദ്ഘാടനം ചെയ്യും.