നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ സി.പി.എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രണ്ടു വർഷം മുമ്പ് എൽ.ഡി.എഫ് ഭരണസമിതി മാലിന്യ നിർമ്മാർജന പദ്ധതിയായ 'മാനിയ' പദ്ധതി നിലവിലുള്ള ഭരണസമിതി മുടക്കിയതായി ആരോപിച്ചു. കഴിഞ്ഞ പത്തുമാസമായി നിലച്ച മാലിന്യനീക്കം പുനാരംഭിക്കുക, ലൈഫ് പദ്ധതി വേഗത്തിലാക്കുക, കുടിവെള്ള കമ്പനിക്ക് പിൻവാതിലിലൂടെ നൽകിയ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എ. ഇബ്രാഹിം കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.രാജേഷ്, പി.എ. രഘുനാഥ് എന്നിവർ സംസാരിച്ചു.