high-court

കൊച്ചി: കണ്ണൂർ ഇരിട്ടിയിൽ എൻ.ഡി.എഫ് പ്രവർത്തകൻ കുനിയിൽ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ആറ് സി.പി.എം പ്രവർത്തകർക്കും ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. എറണാകുളം സി.ബി.ഐ കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ വിളക്കോട് സ്വദേശി നിജിൽ (25), കുഞ്ഞിപ്പറമ്പിൽ കെ.പി. ബിജു (34), പുതിയപുരയ്‌ക്കൽ പി.പി. റിയാസ് (25), ഇരിട്ടി സ്വദേശി വാഴക്കാടൻ വിനീഷ് (32), വിളക്കോട് പാനോലിൽ സുമേഷ് (29), ഒമ്പതാം പ്രതി വിളക്കോട് സ്വദേശി ബഷീർ (45) എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്.

കേസിലെ മിക്കപ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്. ചില പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഇടപെട്ടതിനും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് 2008 ജൂൺ 23ന് ഇരിട്ടി കാക്കയങ്ങാട് ടൗണിൽ വച്ചാണ് സൈനുദ്ദീനെ വെട്ടിക്കൊന്നത്.