ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി. രണ്ടു വർഷമായി വെള്ളക്കെട്ട് മാറ്റാനുള്ള നടപടികൾക്കായി ദേവസ്വം മരാമത്ത് കരാർ നൽകിയിട്ടെങ്കിലും നിർമ്മാണം നടക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ പരാതി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണ് ഭക്തരെ ദുരിതത്തിലാക്കുന്നതിന് കാരണമെന്നും ഭക്തജനങ്ങൾ ആരോപിച്ചു. ക്ഷേത്രത്തിനോട് ചേർന്നാണ് ദേവസ്വം ബോർഡ് എ.ഇ ഓഫീസും പ്രവർത്തിക്കുന്നത്. എന്നിട്ടും ഭക്തർ മഴക്കാലത്ത് വെള്ളത്തിൽ നീന്തി വേണം പ്രദക്ഷിണം വയ്ക്കാൻ. അടിയന്തരമായി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ് ഭക്തരുടെ തീരുമാനം.