ആലുവ: നഗരപരിധിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസങ്ങളിൽ വലയുന്നവർക്ക് ശുഭവാർത്ത. കെ.എസ്.ഇ.ബി കേന്ദ്ര സഹായത്തോടെയുള്ള ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിൽ (ഐ.പി.ഡി.എസ്) ഉൾപ്പെടുത്തി ആലുവ നഗരസഭയിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനായി ആറുകോടി രൂപ അനുവദിച്ചു. 16ന് പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും.
പദ്ധതി നടപ്പിലാകുമ്പോൾ കെ.എസ്.ഇ.ബിയുടെ ആലുവ ടൗണിന്റെ കീഴിൽ ടൗൺ ഫീഡറിലുള്ള 110.കെ.വി സബ് സ്റ്റേഷൻ പരിധിയിലെ 19.5 കിലോമീറ്റർ ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾ മാറ്റി ദൂഗർഭ കേബിളാക്കും. റോഡ് കുഴിക്കാതെ റോഡിന്റെ അടിയിലൂടെ തുരന്ന് ആധുനികരീതിയിലൂടെയായിരിക്കും കേബിളുകളിടുക. കെ.സി. വേണുഗോപാൽ കേന്ദ്ര ഊർജ മന്ത്രിയായിരുന്നപ്പോൾ നൽകിയ നിവേദനത്തെത്തുടർന്നാണ് പദ്ധതി അനുവദിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ചേർന്ന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറോം മൈക്കിൾ, വി. ചന്ദ്രൻ, ടിമ്മി ബേബി, ലോലിത ശിവദാസൻ, ഓമന ഹരി, കെ.എസ്.ഇ.ബി എക്‌സി എൻജിനിയർ എം.പി. രാജൻ, ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനിയർമാരായ മെഴ്‌സി ജോർജ്, പ്രീതി ആനന്ദ്, വാട്ടർ അതോറിറ്റി എക്‌സി. എൻജിനിയർ രേണുക എന്നിവരും മറ്റുദ്യോഗസ്ഥരും പങ്കെടുത്തു.
നേട്ടങ്ങൾ
# നിലവിൽ അടിക്കടി അനുഭവപ്പെടുന്ന വൈദ്യുതി തടസമുണ്ടാകില്ല
# മെയിന്റൻസ് ഫ്രീ ആയതിനാൽ ഷട്ട് ഡൗൺ ഒഴിവാകും.
# കാലാവസ്ഥാ വ്യതിയാനം വൈദ്യുതി വിതരണത്തെ ബാധിക്കില്ല.
# വൈദ്യുതി പ്രസരണം വിതരണം എന്നിവയിൽ നഷ്ടമുണ്ടാകില്ല.