ആലുവ: കനത്ത മഴയിൽ സ്വകാര്യ ബസ്റ്റാൻഡ്, അൻവർ ആശുപത്രി റോഡിലും വെള്ളക്കെട്ട്. മാർക്കറ്റ് റോഡിലെ നഗരസഭ ബസ് സ്റ്റാൻഡിനെ റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഭാഗമാണിത്. ഈ റോഡിൽ മാർക്കറ്റ് റോഡിനോട് ചേർന്നാണ് വെള്ളംകെട്ടുന്നത്. അൻവർ ആശുപത്രി, ഹിറ മസ്ജിദ്, കെ.എസ്.ഇ.ബി ഓഫിസ്, ബോയ്‌സ് സ്‌കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ റോഡിലാണ് വരുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീട്ടുകാരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലം ഇവരെല്ലാം ദുരിതത്തിലാകുകയാണ്. കാനകളിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതാണ് പ്രശ്‌നം. ഇതിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയടക്കമുള്ള അധികാരികൾ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.