കൊച്ചി: സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ കലാശക്കളി ഇന്ന്. വൈകിട്ട് ആറിന് പനമ്പിള്ളിനഗർ സ്‌പോർട്‌സ് അക്കാഡമി ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ നിലവിലെ റണ്ണേഴ്‌സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്നലെ അംബേദ്ക്കർ സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ പാലക്കാടിനെ വീഴ്ത്തിയാണ് തൃശൂർ കലാശക്കളിക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തൃശൂരിന്റെ വിജയം.ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു നാലു ഗോളുകളും. 48ാം മിനിട്ടിൽ റോഷൻ വി.ജിജിയാണ് തൃശൂരിനായി ലീഡ് നേടിയത്. 70ാം മിനിട്ടിൽ ബാബിൾ സിവരി ഗിരീഷിലൂടെ തൃശൂർ ലീഡുയർത്തി. 83ാം മിനിട്ടിലും റോഷൻ ഗോൾ നേട്ടം ആവർത്തിച്ചതോടെ ടീം വിജയമുറപ്പിച്ചു. പരിക്ക് സമയത്ത് അർജുൻ കലാധരനും ലക്ഷ്യം കണ്ടതോടെ തൃശൂരിന്റെ ഗോൾ പട്ടിക പൂർത്തിയായി. ഞായറാഴ്ച നടന്ന ആദ്യസെമിയിൽ ഇടുക്കിയെ 2-1ന് തോൽപിച്ചാണ് കോട്ടയം ഫൈനലിൽ കടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് കോട്ടയം ഫൈനൽ കളിക്കുന്നത്. ചാമ്പ്യൻഷിപ്പിലെ മൂന്നാം സ്ഥാനത്തിനായി രാവിലെ 7.30ന് അംബേദ്ക്കർ സ്‌റ്റേഡിയത്തിൽ പാലക്കാട് ഇടുക്കിയെ നേരിടും.