#താലൂക്ക് ആശുപത്രിയിൽ കരുണയും കാത്ത് വള്ളി
തൃപ്പൂണിത്തുറ: നാലര പതിറ്റാണ്ടോളം മറ്റുള്ളവരുടെ മലവും മൂത്രവും ചോരയും പുരണ്ട ആശുപത്രിത്തുണികൾ കഴുകാൻ ജീവിതം മാറ്റിയ വച്ച എഴുപത്തഞ്ചുകാരി നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നു. തൃപ്പൂണിത്തുറ ഗവ.താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ നാൽപ്പത്താറു വർഷമായി രോഗികളുടെ കിടക്കവിരികളും പുതപ്പും കഴുകി വൃത്തിയാക്കുന്ന പാവംകുളങ്ങര മാപ്പനാട്ടിൽ കൊച്ചുകുഞ്ഞിന്റെ ഭാര്യ വള്ളിയാണ് ഭർത്താവിന്റെ ചികിത്സയ്ക്കായി മറ്റുള്ളവർക്കു മുന്നിൽ യാചിക്കുന്നു.
മൂന്നുമാസം മുമ്പുവരെ ഗവ.ആശുപത്രിയിലെ അലക്കുകാരിയായിരുന്ന വള്ളിയെ ഒരു കാരണവും കൂടാതെ ജോലിയിൽ നിന്നും പറഞ്ഞു വിടുകയായിരുന്നു. രോഗികളുടെ മലവും മൂത്രവും ചോരയും പുരണ്ട തുണികൾ മറ്റുള്ളവർ തൊടാനറച്ചിരുന്ന കാലത്ത് ഒന്നര രൂപ പ്രതിഫലത്തിന് ഈ തൊഴിൽ സ്വമേധയാ ഏറ്റെടുത്തതാണ് വള്ളി. പകർച്ചവ്യാധികളും മാരക രോഗങ്ങളും നിറഞ്ഞു നിന്ന കാലത്ത് മറ്റാരും ചെയ്യാൻ മടിച്ച തൊഴിലിന് ഇറങ്ങാൻ കാരണം ജീവിതത്തിലെ പ്രാരാബ്ദമായിരുന്നു. ഒന്നര രൂപയായിരുന്ന പ്രതിഫലം പിന്നീട് അഞ്ചായും ഇരുപതഞ്ചായും ഉയർന്നു.സമീപകാലത്ത് കുറഞ്ഞനിരക്കിൽ ക്വൊട്ടേഷൻ നൽകിയവർക്ക് ഈ തൊഴിൽ നൽകുകയും വള്ളിയെ പറഞ്ഞു വിടുകയുമായിരുന്നു.
നാൽപ്പത്താറു വർഷമായി ഒരു മുടക്കവും കൂടാതെ ഈ തൊഴിൽ ചെയ്തുകൊണ്ടിരുന്ന വള്ളിയോട് ഒരു വാക്കു പോലും പറയാതെയാണ് അധികാരികൾ ഇത് ചെയ്തതെന്ന് വള്ളി വിലപിക്കുന്നു.
വള്ളിയുടെ ഭർത്താവ് കൊച്ചുകുഞ്ഞ് പക്ഷാഘാതം പിടിപെട്ട് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ സമീപത്തു നിന്നും മാറിനിൽക്കാൻ സാധിക്കാത്തതിനാൽ അധികാരികളെ കണ്ട് ഒരു പരാതിപോലും ബോധിപ്പിക്കാനായിട്ടില്ല.
നാൽപ്പത്താറു കൊല്ലം സർവീസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് ഭീമമായ തുക ആനുകൂല്യവും പെൻഷനും കിട്ടുമെന്നിരിക്കെ അതിലേറെ സേവനം ചെയ്ത വൃദ്ധയും രോഗിയുമായ വള്ളി വെറും കയ്യോടെ ആശുപത്രിയിൽ നിന്നും മടങ്ങേണ്ടി വന്നിരിക്കുകയാണ്.