കൊച്ചി : കോതമംഗലം ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധികൾ നടപ്പാക്കാത്തത് സർക്കാരിന്റെ പരാജയമല്ലേയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവടക്കം നടപ്പാക്കുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്‌സ് പള്ളിവികാരി തോമസ് പോൾ റമ്പാൻ നൽകിയ ഹർജി ചീഫ് സെക്രട്ടറിയടക്കമുള്ളവരെ കക്ഷി ചേർക്കാനും കൂടുതൽ വാദത്തിനുമായി മാറ്റി. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെത്തുടർന്ന് ഈ വിഭാഗത്തിന് ചെറിയ പള്ളിയിൽ മതപരമായ ആരാധന നടത്താൻ സംരക്ഷണം നൽകണമെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട് ഹൈക്കോടതിയും ശരിവച്ചു. എന്നാൽ ഉത്തരവുകൾ പാലിച്ച് സംരക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ലെന്നാരോപിച്ച് തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരാണ്. എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് പറയേണ്ടതും സർക്കാരാണ്. ഇതിനായി സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും കക്ഷി ചേർക്കുകയാണ് വേണ്ടത് - ഹർജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞു. ഇതിനു സമ്മതമാണെന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. തുടർന്നാണ് ഹർജി മാറ്റിയത്.