കൊച്ചി: മുംബായിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊങ്കൺ പാതയിലുള്ള ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരും.
ഇന്നത്തെ ലോക്മാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് (16345), മുംബെയ് സി.എസ്.ടിനാഗർകോവിൽ എക്‌സ്‌പ്രസ് (16339) സർവീസുകളും ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ലോക്മാന്യതിലക്,എറണാകുളം ദുരന്തോ എക്‌സ്‌പ്രസ് (12223), ലോക്മാന്യതിലക് കൊച്ചുവേളി ബൈവീക്ക്‌ലി എക്‌സ്‌പ്രസ് (22113) സർവീസുകളും റദ്ദാക്കി.
ഇന്നലെ രാവിലെ 10.50ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട മംഗള എക്‌സ്‌പ്രസ് രണ്ടു മണിക്കൂറോളം വൈകി ഒരു മണിക്കാണ് പുറപ്പെട്ടത്.
തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസ് വൈകിട്ട് 7.15ന് പുറപ്പെടേണ്ടതിന് പകരം മണിക്കൂറുകൾ വൈകി ഇന്ന് പുലർച്ചെ 4.30നാണ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തുടങ്ങിയത്.
അനുബന്ധ സർവീസുകൾ അനിശ്ചിതമായി വൈകുന്നതിനാൽ ഇന്നു വൈകിട്ട് 7.15ന് പുറപ്പെടേണ്ട കൊച്ചുവേളി അമൃത്സർ എക്‌സ്‌പ്രസ് (12483) രാത്രി 10.30നായിരിക്കും പുറപ്പെടുക.
ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്‌സ്‌പ്രസ് (12283) ഇന്ന് ഉച്ചക്ക് 1.30ന് എറണാകുളത്ത് നിന്ന് പുറപ്പെടും.
ഈറോഡ് ജംഗ്ഷനിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേരളം വഴിയുള്ള മൂന്ന് സുവിധ,സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. 17 മുതൽ 21 വരെയാണ് റദ്ദാക്കൽ നിയന്ത്രണം.
17ലെ ഹൈദരാബാദ് കൊച്ചുവേളി സ്‌പെഷ്യൽ (07115), 18നുള്ള എറണാകുളംചെന്നൈ സെൻട്രൽ സർവീസ് (82632), 19ലെ കൊച്ചുവേളി ഹൈദരാബാദ് സ്‌പെഷ്യൽ (07116) ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.