1
കാക്കനാട് ഇൻഫോപാർക്ക് റോഡിലെ ഐ.എം.ജി ജങ്ഷനിൽ റൗണ്ട് മാതൃകയിൽ ഗതാഗത സംവിധാനം ഒരുക്കി

തൃക്കാക്കര : ജില്ലാ ആസ്ഥാനമായ കാക്കനാട് ഫുട്പാത്തുകളിലും, നോ പാർക്കിംഗ് ഏരിയകളിലും, ഹോട്ടലുകൾക്കു മുന്നിലും മറ്റും വാഹനം പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക. തിരികെയെത്തുമ്പോൾ അവിടെ വാഹനം ഉണ്ടാവില്ല. ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ പോയി പിഴയടച്ച് വാഹനം വീണ്ടെടുക്കാമെന്നു കരുതിയാലും ഇനി രക്ഷയില്ല. കോടതിയിൽ പോയി പിഴ ഒടുക്കിയതിനു ശേഷമെ വാഹനവുമായി മടങ്ങാനാവു. അതിനാണെങ്കിൽ മണിക്കൂറുകളോളം കോടതികൾക്ക് മുന്നിൽ നിൽക്കുകയും വേണം. അനധികൃത പാർക്കിംഗ് എവിടെ ശ്രദ്ധയിൽപ്പെട്ടാലും വാഹനം കോളുത്തിവലിച്ച് കോടതിയിലേക്കു നീക്കും. നിയമലംഘനത്തിന് ഈ ടീം പിഴ സ്വീകരിക്കില്ല. കാക്കനാട് അനവധി പാർക്കിംഗ് മേഖലകൾ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാർക്കുചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വർധിച്ചു വരുന്നതിനാലാണ് 'നോ പാർക്കിംഗ് ഓപറേഷൻ ' ആരംഭിക്കുന്നത്. ചെമ്പുമുക്ക് മുതൽ പടമുകൾ വരെയുള്ള റോഡിന് ഇരുവശവും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രീതി ഇനി നടപ്പില്ല.കൂടാതെ ഈ പ്രദേശത്തെ ഓട്ടോ സ്റ്റാന്റുകളിൽ ഒറ്റനിരയായെ വാഹനം പാർക്ക് ചെയ്യാൻ സാധിക്കൂ. കാക്കനാട് ജംഗ്ഷനിൽ ഓട്ടോ സ്റ്റാന്റിൽ ഒറ്റനിരയായെ വാഹനം പാർക്ക് ചെയ്യാവൂയെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.പളളിക്കര,പൂക്കാട്ടുപടി ബസ്സ് സ്റ്റോപ്പിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ ഉടൻ ബസ് പുറപ്പെടണം.ഇന്ന് രാവിലെ മുതൽ ട്രാഫിക് പൊലീസ് ഇവിടെ നിരീക്ഷണം ഉണ്ടാവും.ബസുകൾ കൂടുതൽ സമയം നിർത്തിയിടുന്നതോടെ കാക്കനാട് ജംഗ്ഷൻ ഗതാഗതക്കുരുക്കിലാവുമെന്ന ഓട്ടോ ഡ്രൈവർമാരുടെ പരാതിയെതുടർന്നാണ് നടപടി.കാക്കനാട് ഇൻഫോപാർക്ക് റോഡിലെ ഐ.എം.ജി ജംഗ്ഷനിൽ റൗണ്ട് മാതൃകയിൽ ഗതാഗത സംവിധാനം ഒരുക്കി.ഇന്ന് രാവിലെ മുതൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഈ സ്ഥലത്തെ ഗതാഗതം നിയന്ത്രിക്കും.റോഡ് സുരക്ഷായുടെ ഭാഗമായി ജില്ലാ കളക്ടർ,മുൻസിപ്പൽ അധികൃതർ,പൊതുമരാമത്ത്,മോട്ടോർ വാഹന വകുപ്പ്,ട്രാഫിക് പൊലീസ്,വ്യാപാരി വ്യവസായി,ഓട്ടോ തൊഴിലാളി യൂണിയൻ,തുടങ്ങിയവരുടെ സംയുക്ത യോഗം ഈമാസം അവസാനം ചേരും,യോഗത്തിൽ കാക്കനാട് ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യും.

# നോ പാർക്കിംഗ് ഓപറേഷൻ ഇന്ന് മുതൽ

തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും, നോ പാർക്കിംഗ് മേഖലകളിലും വാഹനം പാർക്ക് ചെയ്തുപോകുന്നവരെ തളക്കാൻ സിറ്റി ട്രാഫിക് പോലീസ് ആവിഷ്‌കരിച്ച ' നോ പാർക്കിംഗ് ഓപറേഷൻ' ഇന്നു മുതൽ നടപ്പാക്കുകയാണ്. ഫുട്പാത്തുകൾ ഒഴിപ്പിച്ച് അവ പൂർണമായും കാൽനടയാത്രക്കാർക്ക് വിട്ടുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഒരു ഓഫീസറുടെ നേതൃത്വത്തിലുളള ട്രാഫിക് പോലീസ് സ്‌പെഷൽ ടീം റിക്കവറി വാനുമായി പ്രധാന ജങ്ഷനുകളിലെല്ലാം ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.

#ആദ്യം നടപടി തുടങ്ങുന്ന പ്രദേശങ്ങൾ

കാക്കനാട് വാഴക്കാല,പടമുകൾ,ചെമ്പുമുക്ക്,ഓലിമുകൾ ജങ്ഷൻ,നഗര സഭ പ്രദേശം,കാക്കനാട് ജങ്ഷൻ,ഐ.എം.ജി ജംഗ്ഷൻ,കാക്കനാട് മുൻസിപ്പൽ മാർക്കറ്റ് പ്രദേശം തുടങ്ങി അനധികൃത പാർക്കിംഗ് നടത്തുന്ന സ്ഥലങ്ങൾ നിരവധിയുണ്ട്. ഇവിടങ്ങളിലായിരിക്കും ആദ്യം നടപടി തുടങ്ങുക.