കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കുന്ന ആവാസ് പദ്ധതിയിൽ 82,759പേരെ അംഗങ്ങളാക്കി ജില്ല മുന്നിലെത്തി. സംസ്ഥാനത്ത് ഇന്നലെ വരെ 4,02,634 പേരാണ് അംഗങ്ങളായത്. ജില്ലയിൽ 75300 പുരുഷന്മാരും 7433 സ്ത്രീകളും 26 ഭിന്നലിംഗക്കാരും ഉൾപ്പെടും. 45,201 പേർ അംഗങ്ങളായ തിരുവനന്തപുരവും 35,869പേർ അംഗങ്ങളായുള്ള കോഴിക്കോടുമാണ് എറണാകുളത്തിന് പിന്നിൽ. 9,607 പേർ അംഗങ്ങളായ വയനാട്ടിലാണ് ഏറ്റവും കുറവ്. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ചൂഷണമൊഴിവാക്കുന്നതിനുമാണ് പദ്ധതി. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള പെരുമ്പാവൂരിൽ ഇതിനായി പ്രത്യേക സഹായ കേന്ദ്രവും തൊഴിൽ വകുപ്പ് തുടങ്ങി. ഇവിടെ നിന്ന് മാത്രം 8016 പേർ പദ്ധതിയിൽ ചേർന്നു.

ആവാസ് കാർഡുടമയ്‌ക്ക് സർക്കാർ ആശുപത്രിയിൽ 15,000 രൂപ വരെയുള്ള സൗജന്യ ചികിത്സയും മരണമടഞ്ഞാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. നിരവധി ആനുകൂല്യങ്ങൾ വേറെയുമുണ്ട്.