കൊച്ചി: മദ്ധ്യകേരളത്തിന്റെ പ്രതീക്ഷയായ കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനം ഒച്ചിഴയുന്നത് പോലെയാക്കിയ കരാറുകാരന് നല്ല പണിക്കാരനാവാൻ രണ്ടു മാസം നല്ലനടപ്പ്. എന്നിട്ടും നിശ്ചിത രീതിയിൽ നിർമ്മാണം നടത്തിയില്ലെങ്കിൽ കരാർ റദ്ദു ചെയ്യുന്നതുൾപ്പെടെ കർശന നടപടി സ്വീകരിച്ചേക്കും.
കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് രണ്ടു മാസത്തേക്ക് സമയം നീട്ടി നൽകിയത്. കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണ ചുമതലയുള്ള കൺസൾട്ടിംഗ് ഏജൻസിയായ ഇൻകെൽ കരാറുകാരായ ചെന്നൈ ആസ്ഥാനമായ പി. ആൻഡ് സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെ പുറത്താക്കി നോട്ടീസ് നൽകിയിരുന്നു. വിവരം മന്ത്രിയെ അറിയിച്ചതിനെ തുടർന്നാണ് അവലോകന യോഗം നടത്തിയത്.
റീടെൻഡറിനായി ഒരു മാസം സമയം അനുവദിക്കണമെന്ന ഇൻകെൽ ആവശ്യപ്പെട്ടപ്പോഴാണ് നിലവിലുള്ള കമ്പനിയ്ക്ക് രണ്ടു മാസം നൽകാൻ യോഗം തീരുമാനിച്ചത്. സ്പെഷ്യൽ ഓഫീസറായ ജില്ലാ കളക്ടർ നിർമ്മാണ പുരോഗതി ഓരോ 15 ദിവസം കൂടുമ്പോൾ വിലയിരുത്തണം. കൃത്യമായ പുരോഗതി കണ്ടില്ലെങ്കിൽ രണ്ട് മാസത്തിന് ശേഷം പുതിയ ടെൻഡർ വിളിക്കാനാണ് തീരുമാനം. 2020 ജൂലായ്ക്കുള്ളിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചത്.
നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ഓരോ നാഴികക്കല്ലായി രേഖപ്പെടുത്തിയാണ് ഇൻകെൽ പി ആൻഡ് സി പ്രൊജക്ട്സിന് നിർമ്മാണത്തിന്റെ കരാർ നൽകിയിരുന്നത്. പൈലിംഗ്, ഫൗണ്ടേഷൻ, ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ എന്നിങ്ങനെ പത്ത് നാഴികക്കല്ലാണ് നിശ്ചയിച്ചിരുന്നത്. ഓരോ നാഴികക്കല്ലും പൂർത്തിയാക്കാൻ കൃത്യമായ ദിവസവും നിശ്ചയിച്ചിരുന്നു. ഒരു വർഷം പിന്നിട്ടപ്പോഴും അതിൽ നാല് നാഴികക്കല്ല് പോലും സമയബന്ധിതമായി തീർക്കാൻ കരാർ കമ്പനിയ്ക്കായില്ല. ഓരോ ഘട്ടവും മാസങ്ങൾ വൈകിയാണ് പൂർത്തിയാക്കിയത്. അത് തുടർന്നുള്ള ജോലികളെയും ബാധിച്ചു. ഇതേ തുടർന്നാണ് ഇൻകൽ നോട്ടീസ് നൽകിയത്.
നിർമ്മാണ ജോലി കൃത്യമായി അറിയാവുന്ന തൊഴിലാളികളുടെ കുറവാണ് പണി ഇഴയാൻ കാരണമായതെന്ന് ഇൻകെൽ അധികൃതർ പറയുന്നു. തൊഴിലാളികളുടെ എണ്ണം കൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർമ്മാണം ആരംഭിച്ചത് : 2018 ജൂലായ് 9
കിഫ്ബി അനുവദിച്ച തുക : 385 കോടി
കെട്ടിട നിർമ്മാണത്തിന് : 235 കോടി
കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത് : 12 ഏക്കറിൽ
ലക്ഷ്യം നേടിയില്ലെങ്കിൽ നടപടി
"ഓരോ രണ്ടാഴ്ച കഴിയുമ്പോഴും കളക്ടറുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തും. ആ സമയത്തിനുള്ളിൽ തീരേണ്ട ജോലികളെ കുറിച്ച് കൃത്യമായ നിർദ്ദേശം ഇൻകെൽ കരാറുകാർക്ക് നൽകിയിട്ടുണ്ട്. ആ ലക്ഷ്യം അവർ പൂർത്തികരിച്ചില്ലെങ്കിൽ ഇൻകെൽ നടപടി കൈക്കൊള്ളും. "
ഡോ. മോനി എബ്രഹാം കുര്യാക്കോസ്
ഡയറക്ടർ
കൊച്ചി കാൻസർ സെന്റർ