പ്രസന്ന
കൊച്ചി: കുടുംബശ്രീ അടുക്കളകളിലെ രുചികരമായ വിഭവങ്ങൾ ഇനി മൊബൈൽ ആപ്പുകൾ വഴി ഓൺലൈനിൽ ബുക്ക് ചെയ്ത് കഴിക്കാം. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. വൈറ്റില, കലൂർ, കളമശേരി, കാക്കനാട് എന്നിവിടങ്ങളിലെ കുടുംബശ്രീ ഫുഡ് കിയോസ്കുകളിൽ നിന്ന് ഏജൻസികൾ വഴി ഭക്ഷണവിതരണം നടത്തുമെന്ന് കുടുംബശ്രീ ജില്ലമിഷൻ കോ ഓഡിനേറ്റർ ടി.പി. വർഗീസ്, പ്രോജക്ട് മാനേജർ ദിൽരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുടുംബശ്രീപ്രവർത്തകരുടെ വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണം ഫുഡ് കിയോസ്കുകളിലെത്തിക്കും. ഓരോ കേന്ദ്രത്തിന്റെയും ആറ് കിലോ മീറ്റർ ചുറ്റളവിലാണ് ഭക്ഷണമെത്തിക്കുന്നത്. രാവിലെ 7 മുതൽ രാത്രി 9 വരെ കുടുംബശ്രീ അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കും. ഐ.ടി ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് കാക്കനാട് ഭാഗത്തു മാത്രം രാത്രി 10.30 വരെ ഏജൻസികൾ ഭക്ഷണമെത്തിച്ചു കൊടുക്കും.
# മികച്ച വരുമാനം
ഓൺലൈനിലൂടെ കുടുംബശ്രീ മൈക്രോ സംരംഭങ്ങളിലെ നൂറു പേർക്ക് ജോലി ലഭിക്കും. പാക്കിംഗ് കേന്ദ്രങ്ങൾ 12 പേർക്ക് ഉപജീവന മാർഗം ലഭ്യമാക്കും. 20 ഓളം മൈക്രോ സംരംഭങ്ങൾക്കും പ്രയോജനകരമാകും. 18 -24 ശതമാനം കമ്മീഷൻ ഏജൻസികൾക്ക് നൽകും. മൂന്നു ശതമാനം പാക്കിംഗിന് ചെലവഴിക്കും. ബാക്കി തുക കുടുംബശ്രീ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ കിച്ചൻ പ്രവർത്തനം തുടങ്ങി. ഏതാനും ദിവസങ്ങൾക്കിടെ 112 ഓർഡറുകൾ ലഭിച്ചതായി ദിൽരാജ് പറഞ്ഞു.
# ഉദ്‌ഘാടനം നാളെ
നാളെ വൈകിട്ട് അഞ്ചിന് തോപ്പുംപടി ബി.എം. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ കുടുംബശ്രീ കിച്ചൻ ഉദ്‌ഘാടനം ചെയ്യും. തുടക്കത്തിൽ കാക്കനാട്, വൈറ്റില കിച്ചൻസ് മാത്രമായിരിക്കും ഉണ്ടാകുക. മറ്റ് രണ്ട് കേന്ദ്രങ്ങൾ ഒരു മാസത്തിനു ശേഷം പ്രവർത്തനം ആരംഭിക്കും.
# പ്രവർത്തന സമയം
പ്രഭാതഭക്ഷണം രാവിലെ 7 മുതൽ 11.30 വരെ
ഉച്ചഭക്ഷണം: 11.30 മുതൽ 4 വരെ
അത്താഴം : 9 വരെ, കാക്കനാട് : 10.30
ഇഡലി, പുട്ട്, ഇടിയപ്പം, മുട്ടക്കറി, കടലക്കറി, ചപ്പാത്തി, ബിരിയാണി, കപ്പ, മീൻകറി, പൊതിച്ചോറ്, ചിക്കൻ, ഫ്രിഷ്, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഇറച്ചിച്ചാേർ, കപ്പ ബിരിയാണി, പത്തിരി, ബീഫ് റോസ്റ്റ് തുടങ്ങിയ സ്വാദിഷ്‌ഠമായ വിഭവങ്ങൾ ന്യായമായ വിലയ്ക്ക് രുചിക്കാം .