sister-loosy

കൊച്ചി : കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുകയും കത്തോലിക്കാസഭയിലെ വിവേചനങ്ങൾക്കും അനീതിക്കുമെതിരെ പ്രതികരിക്കുകയും ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ സന്യസ്‌തസഭയിൽ നിന്ന് പുറത്താക്കി. കാനോൻനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ആലുവ ആസ്ഥാനമായ ഫ്രാൻസിസ് ക്ളാരിസ്റ്റ് കോൺഗ്രഗേഷൻ (എഫ്.സി.സി) പുറത്താക്കിയത്. വയനാട് മാനന്തവാടി കാരയ്‌ക്കാമല വിമലഹോം അംഗമായിരുന്നു സിസ്റ്റർ ലൂസി. മേയ് 11 നു ചേർന്ന എഫ്.സി.സിയുടെ ജനറൽ കൗൺസിൽ യോഗത്തിന്റെ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യസഭകൾ സംബന്ധിച്ച സമിതി അംഗീകരിച്ചതായി സിസ്റ്റർ ലൂസിക്ക് ഈ മാസം അഞ്ചിനു നൽകിയ പുറത്താക്കൽ ഉത്തരവിൽ പറയുന്നു.

ജനറൽ കൗൺസിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. ഉത്തരവ് കൈപ്പറ്റി പത്തുദിവസത്തിനകം മഠം വിട്ടുപോകണമെന്നും എഫ്.സി.സി സൂപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് നിർദ്ദേശിച്ചു. ഉത്തരവ് മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരിട്ട് കൈമാറി.

മൂന്നു നോട്ടീസുകൾ നൽകി

മൂന്നുതവണ നോട്ടീസ് നൽകുകയും ഒരിക്കൽ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തശേഷമാണ് പിരിച്ചുവിടൽ. സഭാനിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജിക്കത്ത് നൽകി പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ പുറത്താക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

വത്തിക്കാന് പരാതി നൽകാം

പുറത്താക്കലിനെതിരെ സിസ്റ്റർ ലൂസിക്ക് പത്തു ദിവസത്തിനകം പരാതി നൽകാം. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ നൂൺഷ്യോയ്ക്കും വത്തിക്കാനിലെ പൗരസ്ത്യസഭയുടെ ചുമതലക്കാരനായ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിക്കുമാണ് പരാതി നൽകാവുന്നത്. അതിനുശേഷം സന്യസ്തസഭയുമായി യാതൊരു ബന്ധവുമുണ്ടാകില്ല.

ലൂസിക്കെതിരായ കുറ്റാരോപണങ്ങൾ

നിരവധി തവണ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു

സഭാവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചു

കാനോൻ നിയമങ്ങൾക്ക് വിരുദ്ധമായി പെരുമാറി

സഭാവസ്ത്രം സ്വീകരിക്കുമ്പോൾ ചൊല്ലുന്ന പ്രതിജ്ഞ ലംഘിച്ചു

അനുസരണാവ്രതവും ദാരിദ്ര്യവ്രതവും ആവർത്തിച്ച് ലംഘിച്ചു.

അദ്ധ്യാപനത്തിന് കിട്ടുന്ന ശമ്പളം 2017 ഡിസംബർ മുതൽ മഠത്തിന് നൽകിയില്ല

മദർ സുപ്പീരിയറിനെ കാണണമെന്ന ഉത്തരവുകൾ പാലിച്ചില്ല

2015ൽ നൽകിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല.

ചുരിദാർ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു

അനുമതിയില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടി സ്വന്തമായി കാർ വാങ്ങി.

സഭയ്ക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ടി.വി ചർച്ചകളിൽ പങ്കെടുത്തു.

എവിടേയ്ക്കാണെന്ന് അറിയിക്കാതെ മഠത്തിന് പുറത്തുപോകുന്നു. അർദ്ധരാത്രിക്കു ശേഷം തിരിച്ചുവരുന്നു.

സ്വാഭാവിക നടപടിക്രമം

സന്യാസിനി സമൂഹത്തിന്റെ വ്രതങ്ങളും സഭയിലെ നിയമങ്ങളും തുടർച്ചയായി ലംഘിച്ചപ്പോഴുണ്ടായ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഇത്. പുറത്താക്കലിന് നിർബന്ധിതമാകുകയായിരുന്നു.

-- സിസ്റ്റർ ആൻ ജോസഫ്,

സുപ്പീരിയർ ജനറൽ എഫ്.സി.സി