കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്ത തന്നെ മഠം ഒറ്റപ്പെടുത്തി. ഭക്ഷണം പോലും തന്നില്ല.. ഒറ്റപ്പെടലിന്റെ ദിനങ്ങളാണ് കടന്നുപോയത്. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. മെയ് 11 ന് ചേർന്ന ജനറൽ കൗൺസിലാണ് പുറത്താക്കുന്ന തീരുമാനം സിസ്റ്ററെ അറിയിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടർന്ന് നടന്ന കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളിൽനിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇതേക്കുറിച്ച് സിസ്റ്റർ ലൂസി കളപ്പുര 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നിയമ സഹായം തേടും
സഭയിൽ നിന്ന് അങ്ങനെയൊന്നും ഇറങ്ങിപ്പോവില്ല. നിയമപരമായി നേരിടും. സഭയ്ക്കകത്ത് ഇനി ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഉത്തരവ് ഇന്നലെ രാവിലെ നേരിട്ട് കൊണ്ടുവന്ന് തരികയായിരുന്നു. പത്ത് ദിവസത്തിനുള്ളിൽ മഠത്തിൽനിന്നും മാറണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് വായിച്ചിട്ട് ഒപ്പുവയ്ക്കാം എന്ന് പറഞ്ഞപ്പോൾ എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്. വായിച്ചതിന് ശേഷം ഒപ്പിട്ട് നൽകും.
അവരുടെ ലക്ഷ്യം എന്നെ തളർത്തൽ
രാവിലെ ഒരു നേരം മാത്രമാണ് മഠത്തിൽ നിന്ന് ആഹാരം കഴിച്ചിരുന്നത്. സ്‌കൂളിലെ ഭക്ഷണമായിരുന്നു ഏക ആശ്രയം. പുതിയതായി മഠത്തിലെത്തിയ ചില കന്യാസ്ത്രീകൾ ഉൾപ്പെടെ ആരും സംസാരിക്കാൻ തയ്യാറായിരുന്നില്ല. മഠത്തിലെ ജീവനക്കാരിയെ പറഞ്ഞു വിട്ട് മെസിന്റെ ചുമതല ഇവർ സ്വയം ഏറ്റെടുത്തു. ഇതോടെ രാവിലെയും ഭക്ഷണം കഴിക്കാതെ പോകേണ്ട സാഹചര്യമുണ്ടായി. ഭക്ഷണം നൽകേണ്ട സമയംവരെ ഇവർ മാറ്റി. തളർത്താൻ നിരവധി തവണ ചുറ്റുമുള്ളവർ ശ്രമിച്ചു. പക്ഷേ, സത്യത്തിന്റെ ഭാഗത്ത് നിലകൊണ്ടതിനാൽ എപ്പോഴും പോസിറ്റീവ് ആയി മാത്രമേ കാര്യങ്ങളെ കണ്ടുള്ളൂ. ദൈവത്തെ വിളിച്ച് സന്തോഷത്തോടെയാണ് മഠത്തിൽ കഴിഞ്ഞത്. ഇവിടെനിന്നുള്ള മോശമായ പെരുമാറ്റത്തെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴാണ് ഉത്തരവ് വന്നത്.
ദൈവത്തിന് നിരക്കാത്തത് ചെയ്തിട്ടില്ല
ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും സത്യമല്ല. മറ്റു മഠത്തിലുള്ളവരും ഡ്രൈവിംഗ് ലൈസൻസ് എടുക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട്. കാർ വാങ്ങിയതിൽ എന്നോട് മാത്രം ഇത്തരത്തിൽ പെരുമാറുന്നത് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിൽ കന്യാസ്ത്രീകൾക്കൊപ്പം നിലകൊണ്ടതിനാലാണ്. ഞാൻ എന്നും സത്യത്തോടൊപ്പമാണ്. ജോലി ചെയ്ത ശമ്പളം കൊടുത്തില്ലെന്നത് വാസ്തവമാണ്. പക്ഷേ, അത് എന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. അത് സഭയ്ക്ക് നൽകേണ്ട തുകയാണ്. പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലാണ് തുക കൈമാറാതിരുന്നത്.