കൊച്ചി : പ്ളാസ്റ്റിക് സർജറിക്ക് കേരളത്തിൽ പ്രചാരം നൽകിയ ജനകീയ ഡോക്ടർ കെ.ആർ. രാജപ്പൻ നവതിയുടെ പടിവാതിലിൽ. ആഘോഷം ഒന്നുമില്ലാതെ അദ്ദേഹം ചൊവ്വാഴ്ച 89 വയസ് പിന്നിട്ടു. പിറന്നാൾ ദിനത്തിലും പതിവുപോലെ രോഗികൾക്കൊപ്പം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലായിരുന്നു അദ്ദേഹം.
ആയുർവേദ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് അലോപ്പതി സ്വീകരിച്ച അദ്ദേഹം നൂറുകണക്കിന് രോഗികൾക്ക് ആശ്രയവും ആശ്വാസവുമാണ്. വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലും സജീവം. ചാലക്കുടി മേലൂർ സ്വദേശിയായ രാജപ്പൻ 14 കിലോമീറ്റർ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. അച്ഛൻ കെ.എം. രാമൻ തിരുകൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ സുഹൃത്തായിരുന്നു. പനമ്പിള്ളിയാണ് ഒറീസയിലെ കട്ടക്കിൽ എം.ബി.ബി.എസ്. പഠിക്കാൻ അവസരം ഒരുക്കിയത്. 1960 ൽ മെഡിക്കൽ ബിരുദം നേടി. പട്‌നയിൽ നിന്ന് പ്ളാസ്റ്റിക് സർജറിയിൽ എം.എസും നേടി.
കോട്ടയം മെഡിക്കൽ കോളേജിൺ പ്ളാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത് അദ്ദേഹമാണ്. കുഷ്ഠരോഗികളുെട വൈരൂപ്യം നീക്കാൻ നൂറുകണക്കിന് ക്യാമ്പുകൾ സംഘടിപ്പിച്ച് പ്ളാസ്റ്റിക് സർജറിക്ക് പ്രചാരം നൽകിയത് ഡോ. രാജപ്പനാണ്.
എറണാകുളത്ത് 1983 ൽ സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രി ആരംഭിച്ചു. എം.ബി.ആർ ട്രസ്റ്റ് വഴി നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് പരിചരണം നൽകുന്ന സ്നേഹത്തണൽ സംഘവും അദ്ദേഹം ആവിഷ്കരിച്ചതാണ്.
ചന്ദ്രിക സോപ്പിന്റെ ഉപജ്ഞാതാവായ സി.ആർ. കേശവൻ വൈദ്യരുടെ മകൾ നളിനിയാണ് ഭാര്യ. മിനി, ബീന, റീന എന്നിവർ മക്കളും സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ഡോ. ആർ. ജയകുമാർ, ആർ. വിജയൻ, സബിൻ വിശ്വനാഥ് എന്നിവരാണ് മരുമക്കൾ.