തൃക്കാക്കര: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഇരുമ്പനം ഗോഡൗണിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.ധാരണ പ്രകാരം ഇരുമ്പനം ഗോഡൗണിൽ നിന്ന് 260 ലോഡുകളുള്ള ദിവസം 140 എണ്ണം ഡീലർമാർക്കും കൺസോർഷ്യത്തിനും നൽകും. 120 ലോഡുകൾ കരാറുകാർക്കും നൽകും. ആഴ്ച അവസാനങ്ങളിൽ ലോഡ് കുടുതലുള്ള ദിവസങ്ങളിൽ ഇത് ഇരുകൂട്ടരും പങ്കു വയ്ക്കും. തൊഴിലാളികളുടെ തൊഴിൽ പരമായ പരാതികൾ പരിഹരിക്കാൻ ഡീലർമാരും കമ്പനി പ്രതിനിധികളും തൊഴിലാളി പ്രതിനിധികളുമടങ്ങുന്ന കമ്മറ്റി രൂപീകരിക്കും. എ.സി.പി. കെ. പൂങ്കുഴലി, എച്ച്.പി.സി.എൽ ജി.എം കെ. ലോക് നാഥൻ, ഡി.എൽ.ഒ പി.രഘുനാഥ്, സെൻട്രൽ റീജ്യണൽ ലേബർ കമ്മീഷണർ വി. രശ്മി, സി.ഐ.ടി.യു യൂണിയൻ പ്രതിനിധി പി.കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കരാർ വന്നതോടെ മതിയായ ലോഡുകൾ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.