അങ്കമാലി: പാറമടയിൽ വീണ് മരണത്തെ മുന്നിൽക്കണ്ട വീട്ടമ്മയെ സാഹസികമായി രക്ഷിച്ച അച്ഛനും മകനും ആദരം. കറുകുറ്റി പാവാട്ടാട്ടുകുന്നിൽ പള്ളിപ്പാടൻ ബെന്നിയുടെ ഭാര്യ അൽഫോൻസയാണ് മുറ്റം വൃത്തിയാക്കുന്നതിനിടയിൽ 100 അടിയിലേറെ ആഴമുള്ള മടയിലേയ്ക്ക് മതിൽ തകർന്ന് വീണത്. ജൂലായ് 21ന് ആയിരുന്നു സംഭവം. അയൽക്കാരായ ശശിയും മകൻ അമൽജിത്തുമാണ് രക്ഷകരായത്.
നാടിന് മാതൃകയായ ഇരുവരെയും കറുകുറ്റി റെയിൽവേ സ്റ്റേഷൻകവലയിൽ ചേർന്ന പൗരാവലി യോഗം ആദരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് മെമന്റോ നൽകി. കെ.പി. റെജീഷ്, കെ.കെ. ഗോപി എന്നിവർ പൊന്നാട അണിയിച്ചു. ടോമി ബിബിൻ വർഗീസ്, പി.കെ. പൗലോസ്,കെ. ജി. വർഗീസ്, പ്രിൻസ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.