തൃക്കാക്കര : വോട്ടർ പട്ടിക പുതുക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഈ മാസം ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കൽ നടപടി. ആദ്യഘട്ടമായി വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റുകൾ തിരുത്താനും അവസരം നൽകും. ഇതോടൊപ്പം ഫോട്ടോകളിലും അഡ്രസിലുമെല്ലാം ഈ കാലയളവിൽ മാറ്റം വരുത്താനും അവസരമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് തിരുത്തലുകൾ വരുത്തേണ്ടത്. ഈ മാസം 16 മുതൽ സെപ്തംബർ 30 വരെയാണ് ഇതിനുള്ള അവസരം.പരിശോധനയുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ സെപ്തംബർ 1 മുതൽ 30 വരെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് ഇവർക്ക് പ്രത്യേക വേതനവും നൽകും
. രണ്ടാംഘട്ടത്തിൽ 2020 ജനുവരി 1 ന് 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിന് ഒക്ടോബർ 15 മുതൽ ജനുവരി 15 വരെ അവസരമുണ്ട്. ഇതിനായി അക്ഷയ സെന്ററുകളിലും ഓൺലൈൻ വഴിയും താലൂക്ക് തല ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയുമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. നടപടി ക്രമങ്ങളുടെ ഭാഗമായി ഒക്ടോബർ 15 ന് കരട് വോട്ടർ പട്ടികയും ജനുവരി 15 ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.