കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച കേസിൽ ജാമ്യം അനുവദിച്ചത് റദ്ദാക്കാൻ സർക്കാർ നൽകിയ അപ്പീലിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. അപകടം നടന്ന ഉടൻ ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാൻ എന്തായിരുന്നു തടസമെന്ന് ചോദിച്ച സിംഗിൾബെഞ്ച് അപ്പീൽ നാളെ പരിഗണിക്കാൻ മാറ്റി. സർക്കാരിനു വേണ്ടി നർകോട്ടിക് സെൽ അസി. കമ്മിഷണർ നൽകിയ അപ്പീലിൽ ശ്രീറാമിന് നോട്ടീസ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
15 മിനിട്ടിനകം നടത്തേണ്ട രക്തപരിശോധന പത്തുമണിക്കൂർ കഴിഞ്ഞ് നടത്തിയിട്ടെന്തു കാര്യമെന്ന് കോടതി ചോദിച്ചു. തിരുവനന്തപുരത്ത് ഒരു എസ്.ഐ മാത്രമേയുള്ളോ ? മ്യൂസിയം സ്റ്റേഷനിലെ എസ്.എച്ച്.ഒ മാത്രമേയുള്ളോ ? ഗവർണർ ഉൾപ്പെടെ താമസിക്കുന്ന പ്രധാന മേഖലയിൽ സി.സി ടിവി ദൃശ്യങ്ങളില്ലേ ? - കോടതി ചോദിച്ചു.
കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. ഡോക്ടറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സ്വാധീനശക്തിയുള്ള വ്യക്തിയാണ്. കാർ ഒാടിച്ചത് ഒപ്പമുണ്ടായിരുന്ന വഫയെന്ന സ്ത്രീയാണെന്ന് പൊലീസിനോട് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ പ്രതി നോക്കിയെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വാദിച്ചു.
ശ്രീറാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇയാൾക്കും പരിക്കേറ്റതിനാൽ ചികിത്സ വേണ്ടിവന്നതുകൊണ്ടാണ് രക്തസാമ്പിൾ നിശ്ചിത സമയത്തിനുള്ളിൽ എടുക്കാനാവാതെ പോയതെന്നും സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ പരിശോധിച്ച ഡോക്ടർ മദ്യത്തിന്റെ മണമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർജനെ കൺസൾട്ട് ചെയ്യാൻ നിർദ്ദേശിച്ച് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും കിംസ് ആശുപത്രിയിലേക്കാണ് പോയത്. കാർ ഒാടിച്ചത് ശ്രീറാമാണെന്ന് വഫ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്നും കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയതെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു. തുടർന്നാണ് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച് കേസ് നാളെ പരിഗണിക്കാൻ മാറ്റിയത്.