കൊച്ചി: ഇത്തിരിക്കുഞ്ഞനല്ലേ എന്ന സഹതാപം ഒച്ചിനോട് ഇനി വേണ്ട. മഴക്കാലത്ത് പശ്ചിമക്കൊച്ചിക്കാർ പേടിച്ചിരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം ഇപ്പോൾ നഗരത്തിനകത്തും. ചിലവന്നൂരിന്റെ വിവിധ ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ കീഴടക്കുന്നത്. മഴ ശക്തമായതോടെ ഇവ കൂട്ടത്തോടെ പുറത്തിറങ്ങിയിരിക്കുകയാണ്. ഇവ മുട്ടയിടും കാലമാണിത്. കായലിനോട് ചേർന്നുള്ള ഫ്ളാറ്റുകൾക്കും ഒച്ചുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷയില്ല. മണലും കോൺക്രീറ്റും വരെ ഭക്ഷിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ആഫ്രിക്കൻ ഒച്ചുകളെ എങ്ങനെ നേരിടണമെന്ന് അറിയാതിരിക്കുകയാണ് നഗരവാസികൾ. ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെയുണ്ടാകാം. ഇതേക്കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല.ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും.
#നശിപ്പിക്കുന്നത്
കറിയുപ്പ് വിതറിയാണ് സാധാരണ ഇവയെ നശിപ്പിക്കാറുള്ളത്. പുകയിലകശായം തുരിശുലായനി എന്നിവ ഏതെങ്കിലും ഉപയോഗിച്ച് കൊല്ലാം.
ഒരമ്മയ്ക്ക് ആയിരം മക്കൾ
ശാസ്ത്ര നാമം: അക്കാറ്റിന ഫുലിക്ക
മുട്ടയിടുന്നത് : വർഷത്തിൽ 5-6 തവണ
ഒരു തവണ : 200 മുട്ട വരെ
ആകെ ഇടുന്ന മുട്ട : 1000 വരെ