darren
ഡാരൻ കാൽഡെയ്‌റ

കൊച്ചി : മുംബയ് സ്വദേശിയായ മിഡ്ഫീൽഡർ ഡാരൻ കാൽഡെയ്‌റ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്നു. ഐ ലീഗ് ഫ്രാഞ്ചൈസിയായ മോഹൻബഗാൻ എ.സിയിൽ നിന്നെത്തിയ 31 കാരനായ ഡാരൻ അടുത്ത ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബൂട്ടണിയും.

183 സെന്റിമീറ്റർ ഉയരക്കാരനായ ഡാരൻ മഹീന്ദ്ര യുണൈറ്റഡിലാണ് കളി ആരംഭിച്ചത്. സ്പാനിഷ് ലാ ലിഗാ വലെൻസിയ സി.എഫിനൊപ്പം അണ്ടർ 18 കളിക്കാർക്കായുള്ള ഒരു വർഷത്തെ പരിശീലനത്തിലും പങ്കെടുത്തു.

2013 ൽ ആദ്യ ഐ ലീഗ് വിജയിച്ച ബ്ലൂസിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്ന മുൻ ബംഗളൂരു എഫ്‌.സി കളിക്കാരനായ ഡാരൻ കൊൽക്കത്ത ജയന്റ്‌സിൽ ചേരുന്നതിന് മുമ്പ് എയർ ഇന്ത്യ എഫ്‌.സി., മുംബയ് എഫ്‌.സി, എ.ടി.കെ, ചെന്നൈ സിറ്റി എഫ്‌.സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം എന്റെ ഫുട്‌ബാൾ കരിയറിലെ പുതിയ അദ്ധ്യായം കുറിക്കുകയാണെന്ന് ഡാരൻ പറഞ്ഞു. ആരാധകരും ക്ലബും നല്ല സീസൺ ആഗ്രഹിക്കുന്നത് സാക്ഷാത്കരിക്കാൻ മികച്ച കളിയിലൂടെ എന്റെ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മിഡ് ഫീൽഡിൽ ഉടനീളം കളിക്കാൻ കഴിയുന്ന സ്ഥിരതയുള്ള കളിക്കാരനാണ് ഡാരനെന്ന് ഹെഡ് കോച്ച് ഈൽകോ ഷട്ടോരി പറഞ്ഞു. ഒന്നിലധികം സ്ഥാനങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന ഓൾറൗണ്ടറു‌ടെ അനുഭവസമ്പത്ത് ടീമിന് സ്വത്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.