കൊച്ചി: വടുതല - പേരണ്ടൂർ പാലത്തിന്റെ നിർമ്മാണം വൈകിക്കുന്നതിന്‌ ഇടത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ഹൈബി ഈഡൻ എം.പി.പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്കായി 24.9 കോടി രൂപ അനുവദിച്ചത്. സ്ഥലം എം.എൽ.എ എന്ന നിലയിൽ പാലത്തിനായി കഠിന പരിശ്രമം നടത്തിയിട്ടും സർക്കാർ മെല്ലെപ്പോക്ക് നയമാണ്‌ സ്വീകരിച്ചത്.
 പാലം ഇതുവരെ
യു.ഡി.എഫ് സർക്കാർ എട്ടു ലക്ഷം രൂപ അനുവദിച്ചതോടെ 2016 ജനുവരി 25 ന്‌ ടെസ്റ്റ് പൈലിംഗ് നടത്തി. 2016 മാർച്ച് മാസം നാലിന് 24.9 കോടി രൂപ അനുവദിച്ചു.പാലത്തിന് 30 മീറ്റർ വീതിയിലും തുടർന്നുള്ള റോഡിന്‌ 16 മീറ്റർ വീതിയിലുമാണ്‌ അലൈന്മെന്റ് തയ്യാറാക്കിയത്. ഇത്രയും സ്ഥലം വിട്ട് നൽകാൻ ഉടമകൾ തയ്യാറാകാത്തതിനാൽ ജില്ലാ കളക്ടർ യോഗം വിളിച്ചു.കളക്‌ടറുടെ നിർദ്ദേശപ്രകാരം ഭൂമി മാർക്ക് ചെയ്ത് പുതിയ അലൈന്മെന്റ് തയ്യാറാക്കി ചീഫ് എൻജിനീയർക്ക് കൈമാറി. 2017 ഫെബ്രുവരി മൂന്നിന്‌ പുതിയ അലൈന്മെന്റിന് അംഗീകാരം ലഭിച്ചു.
ഭൂമിയെറ്റെടുക്കലിന് സാമൂഹ്യ പ്രത്യാഘാത പഠത്തിനുള്ള തുക 2018 നവംബറിൽ അനുവദിച്ചു. 2019 ഫെബ്രുവരി 27ന്‌ സാമൂഹ്യഘാത പഠനം നടത്തുന്നതിന്‌ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിനെ ഏൽപ്പിച്ചു. റിപ്പോർട്ട് കളക്‌ടർക്ക് കൈമാറിയിട്ടുണ്ട്.
 ഇതാണ് പാലം
78 മീറ്റർ നീളവും 10.5 മീറ്റർ വീതിയും. 26 മീറ്റർ വലിപ്പത്തിലുള്ള മൂന്ന് സ്പാനുകൾ. വീതിയിൽ 7.5 മീറ്റർ ക്യാരേജ് പാതയും 1.5 മീറ്റർ വീതമുള്ള ഫുട്പാത്തും. ചേരാനല്ലൂർ വില്ലേജിൽ നിന്ന് 123 സെന്റ് സ്ഥലവും ഇടപ്പള്ളി സൗത്ത് വില്ലേജിൽ നിന്ന്‌ 56 സെന്റ് സ്ഥലവുമാണ്‌ ഏറ്റെടുക്കേണ്ടത്.
 ഹൈബി സ്‌പീക്കിംഗ്
നിയമസഭ ഉപതെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വടുതല പേരണ്ടൂർ പാലത്തിന്റെ നിർമ്മാണത്തിൽ യാതൊരു പങ്കും അവകാശപ്പെടാനില്ലാത്ത സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെയും പ്രാദേശീക നേതൃത്വം നുണക്കഥകൾ ചമയുകയാണ്. സാമൂഹ്യാഘാത റിപ്പോർട്ടിന്റെ കരട് റിപ്പോർട്ട് കളക്ടർക്ക് നല്കിയതറിഞ്ഞതോടെ പാലം യാഥാർത്ഥ്യമാക്കുമെന്ന് പറയുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തണ്. ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് പാലം യഥാർത്ഥ്യമാക്കും. പഠന റിപ്പോർട്ട് പരിശോധിച്ച് ഉടൻ ഭൂമിയേറ്റെടുക്കൽ ആരംഭിക്കും.