പള്ളുരുത്തി: സാംസ്ക്കാരിക സമ്മേളനങ്ങൾക്കായി കൊച്ചി നഗരസഭ തുറന്ന ഇ.കെ.നാരായണൻ സ്ക്വയർ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമാകുന്നു. രാത്രി സമയത്തെ ശല്യം കൂടാതെ ഇപ്പോൾ പകൽ സമയത്തും പരസ്യ മദ്യപാനമാണ്.കൂട്ടം കൂടി സംസാരിക്കുന്നതു പോലെ സ്റ്റേജിൽ ഇരുന്ന് ഇതിന്റെ പിറക് വശത്തായി ഓരോരുത്തർ എത്തിയാണ് മദ്യസേവ നടത്തുന്നത്.വീട് വിട്ടിറങ്ങുന്നവർക്ക് അന്തി ഉറങ്ങാനുള്ള കേന്ദ്രമായും ഇത് മാറി. ഇതിന് സമീപത്ത് തന്നെയാണ് കോർപ്പറേഷൻ ലൈബ്രറിയും അംഗനവാടിയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പ്രവർത്തിക്കുന്നത്.ഇവിടെ എത്തുന്ന നൂറ് കണക്കിന് പ്രവർത്തകർക്ക് ഇതൊരു തലവേദനയായിരിക്കുകയാണ്. ആഴ്ചയിൽ നാല് ദിവസമെങ്കിലും ഇവിടെ പല തരത്തിലുള്ള പരിപാടികൾ അരങ്ങേറാറുണ്ട്.ഇവിടെ ലൈറ്റ് ഇല്ലാത്തതും ഗേറ്റിന് പൂട്ട് ഇല്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക് തരമായി. കോർപ്പറേഷന്റെ ചെലവിൽ ഒരു വാച്ച്മാനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുലർച്ചെ കായിക പ്രേമികൾ ഇവിടെ ബാഡ്‌മിന്റൺ കോച്ചിംഗിനും എത്താറുണ്ട്. ഡിവിഷൻ കൗൺസിലർ ഇടപെട്ട് സാമൂഹ്യ വിരുദ്ധശല്യത്തിന് അറുതി വരുത്തണമെന്നാണ് ആവശ്യം. പരിഹാരം കാണാത്ത പക്ഷം കൊച്ചി മേയർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ കച്ചവടക്കാർ. ആക്രി പെറുക്കുന്നവരും വഴിയോരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരുടെയും വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഇ.കെ.നാരായണൻ സ്ക്വയർ.
#സമീപത്തെ കച്ചവടക്കാർ പള്ളുരുത്തി പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നുള്ള പരാതി ഉയരുന്നുണ്ട്.