കൊച്ചി : വൈറ്റില ഫ്ളൈ ഓവർ നിർമ്മാണത്തിലെ വീഴ്ചകൾ പഠിക്കാൻ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധസംഘം പരിശോധിച്ചു. പഠനറിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് സംഘം അറിയിച്ചു. ഐ.ഐ.ടിയിലെ ഡോ. നാഗേശ്വരറാവു, ഡോ. ബാലസുബ്രഹ്മണ്യം എന്നിവരാണ് ഇന്നലെ രാവിലെ പാലത്തിന്റെ നിർമ്മാണം പരിശോധിച്ചത്. ഗർഡറുകൾ, പിയർ ക്യാപ്പുകൾ,കോൺക്രീറ്റിംഗ് തുടങ്ങിയവ സംഘം വിശദമായി പരിശോധിച്ചു. ഏതാനും സാമ്പിളുകളും ശേഖരിച്ചു.
ഫ്ളൈ ഓവറിന്റെ നിർമ്മാണത്തിൽ നിശ്ചിത നിലവാരത്തിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചിട്ടില്ലെന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി സംഘത്തെ പരിശോധനയ്ക്ക് സർക്കാർ നിയോഗിച്ചത്. കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം കഴിഞ്ഞ ആഴ്ച ഫ്ളൈഓവർ പരിശോധിച്ചിരുന്നു. കോൺക്രീറ്റിംഗിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന അഭിപ്രായമാണ് സംഘം നൽകിയത്. കോർ ടെസ്റ്റ് എന്ന പരിശോധന നടത്താൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സകൂൾ ഒഫ് എൻജിനിയറിംഗിനെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.