കൊച്ചി : ദേശീയപാത നിയമപ്രകാരം റോഡു വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് 2014 ഡിസംബർ 31 നകം നഷ്ടപരിഹാരം നൽകിയിട്ടില്ലെങ്കിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം പുനർനിർണയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏറ്റെടുത്ത മൊത്തം ഭൂമിയുടെ ഭൂരിപക്ഷം ഉടമകൾക്കും ഇതുപ്രകാരം നഷ്ടപരിഹാരം നൽകിയിട്ടില്ലെങ്കിൽ ഇക്കാലയളവിൽ പണം ലഭിച്ചവർക്കും 2013 ലെ നിയമപ്രകാരം തുക നൽകാൻ അധികൃതർക്ക് ബാദ്ധ്യതയുണ്ടെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. കഴക്കൂട്ടം - കാരോട് പാത വികസനത്തിന് ഭൂമി വിട്ടുകൊടുത്ത നെയ്യാറ്റിൻകര കാഞ്ഞിരംകുളം സ്വദേശി ജോഷി മാധവൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. തങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാരത്തുക മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

2012 ലെ വിജ്ഞാപന പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് 2014 ഒക്ടോബറിൽ ദേശീയപാത നിയമപ്രകാരം നഷ്ടപരിഹാരം ഹർജിക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇക്കാലയളവിൽ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം നിലവിൽ വന്നിരുന്നു. അതിനാൽ ആ നിയമപ്രകാരം നഷ്ടപരിഹാരം പുനർനിർണയിച്ചു കൂടുതൽ തുക ലഭ്യമാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതാണ് ഹൈക്കോടതി അനുവദിച്ചത്.