ആലുവ: നഗരത്തിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റിൽ വ്യാപകനാശം. കഴിഞ്ഞ ദിവസം ഏലൂരിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് ഇന്നലെ വൈകിട്ട് ആലുവയിൽ വീശിയടിച്ചത്. ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര ദ്വീപിലുണ്ടായ കാറ്റിൽ ആറ് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. ഉളിയന്നൂർ തെക്കേയറ്റയത്ത് വാർത്തോടത്ത് ഭാഗത്താണ് കാറ്റ് നാശം വിതച്ചത്.
പള്ളിക്കുടി വീട്ടിൽ ബാബുവിന്റെ പറമ്പിലെ തേക്ക് വീണ് രണ്ട് പോസ്റ്റുകൾ, കൊറക്കോടത്ത് ഹമീദിന്റെ തേക്ക് വീണ് ഒരു പോസ്റ്റും മതിലും മറിഞ്ഞു. ഹമീദിന്റെയും ഇലഞ്ഞിക്കായി അബ്ദുൾ ഖാദറിന്റെയും വാഴക്കൃഷിയും നശിച്ചു. തെറ്റയിൽ യൂസഫിന്റെ തേക്ക് വീടിന്റെ മുകളിലേക്ക് വീണ് ചെറിയ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. മറിഞ്ഞുവീണ മരങ്ങൾ പഞ്ചായത്തംഗം നിഷ ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വെട്ടി മാറ്റി.
ആലുവ നഗരത്തിൽ കനാൽ റോഡിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബാബുവിന്റെ വാഹനത്തിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മേൽക്കൂര മറിഞ്ഞുവീണു. എസ്.എൻ. പുരം പള്ളിക്കുന്ന് ഭാഗത്ത് മരം വീണും അപകടമുണ്ടായി. വൈദ്യുതി ലൈനുകൾക്ക് മുകളിലേയ്ക്കാണ് തേക്ക് മരം വീണത്. ഇതോടെ ആലുവ നഗരത്തിന്റെ ഒരു ഭാഗത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
ആലുവ പമ്പ് കവലയിൽ പാർക്ക് ചെയ്ത കാറിന് മുകളിലേയ്ക്ക് മരത്തിന്റെചില്ല വീണും അപകടമുണ്ടായി. ഷോപ്പിങ് കോംപ്ലക്‌സിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു അപകടം. വാഹനത്തിന് ചെറിയ തോതിൽ കേടുപാടുകൾ പറ്റി.
ആലുവ തോട്ടയ്കാട്ടുകരയിൽ കാറ്റിൽ മരം ആടിയുലഞ്ഞ് വൈദ്യുതി കേബിളിൽ ഉരസി തീപിടിത്തമുണ്ടായി. പ്രിയദർശിനി ടൗൺ ഹാളിന് മുൻപിലാണ് സംഭവം. തൊട്ടുതാഴെ നിരവധി പേർ ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. തീപ്പൊരി വീഴുന്നത് കണ്ട് അവർ ഓടി മാറി. ആലുവ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ വിവരം അറിയിച്ചതിനെത്തുടർന്ന് വൈദ്യുതി ലൈൻ ഓഫ് ചെയ്തു.
ആലുവ കോളനിപ്പടിയിൽ കാറ്റിൽ പുളിമരം മറിഞ്ഞും അപകടമുണ്ടായി. കൈപ്പാലത്ത് ഷൈലന്റെ വീട്ടിലെ പുളിമരം എസ്.എൻ. പ്രിന്റേഴ്‌സിന്റെ മുകളിലേയ്ക്കാണ് വീണത്. ട്രാൻസ്‌ഫോർമറിന്റെ പോസ്റ്റടക്കം നാല് പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസം നേരിട്ടു.