തൃക്കാക്കര : തൃക്കാക്കര മുനിസിപ്പൽ സഹകരണാശുപത്രിയുടെ 20-ാം വാർഷികവും പുതിയ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് സഹകരണദേവസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തുടർന്ന് കേരളീയ ഭക്ഷ്യമേളയും സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും പി.ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സെമിനാർ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും, ഹാർട്ട് കെയർ സെന്ററിന്റേയും, ലാപ്രോസ് കോപ്പിക് യൂണിറ്റിന്റെയും ഉദ്ഘാടനം ജസ്റ്റിസ് സിറിയക് ജോസഫും, ജൈവ കാർഷിക പ്രദർശനവും സൗജന്യ മെഡിക്കൽ ക്യാമ്പും കൊച്ചിൻ ഷിപ്പിക്കാർഡ് സി.എം.ഡി.മധു എസ്.നായരും ഉദ്ഘാടനം ചെയ്യും. കാക്കനാട് മുനിസിപ്പൽ ടൗൺ ഹാളിൽ ഇന്ന് തുടക്കം കുറിക്കുന്ന ചടങ്ങിൽ ആശുയപത്രി പ്രസിഡന്റ് ഡോ.എം.പി.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും.
ഇന്ന് രാവിലെ മുതൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ ആരോഗ്യരംഗത്തെ പ്രമുഖരായ ഡോക്ടർമാർ പങ്കെടുക്കും. ജീവിത ശൈലി രോഗങ്ങൾ, സമീകൃത പോഷകാഹാരം, ആരോഗ്യ ഇൻഷ്വറൻസ്, സാമൂഹ്യ ആരോഗ്യ സുരക്ഷ നടപടികൾ, തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണാധികാരവും സാമൂഹ് സുരക്ഷ പദ്ധതികളും, ഗാർഹിക മാലിന്യ സംസ്കരണവും, പുനരുപയോഗവും, മഴ ജലസംരക്ഷണവും ഭൂഗർഭ ജലവിതാനവും വിനിയോഗവും, പോഷകാഹാരക്കുറവും ആരോഗ്യവും,ഔഷധ സസ്യങ്ങളും ആരോഗ്യ സുരക്ഷയും, തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും, സെമിനാറും , ചർച്ചകളും നടക്കും.
അഞ്ച് കോടി രൂപ മുടക്കി കാത്ത് ലാബും;ഒരു കോടി ചെലവിൽ മെറ്റേർണിറ്റി വാർഡും, കുട്ടികളുടെ വാർഡുമാണ് പുതുതായി സ്ഥാപിക്കുന്നത്. അതിൽ പി.ടി.തോമസ് എം.എൽ.എ 60 ലക്ഷം പ്രദേശിക വികസന ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്. 20 വർഷം മുമ്പ് തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ പ്രസിഡന്റ് പി.ബി.കെ.കെ മൈനയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പഞ്ചായത്ത് വക സ്ഥലത്ത് ചുരുങ്ങിയ സൗകര്യങ്ങളോടെ ആശുപത്രിക്ക് തുടക്കം കുറിച്ചത്.പിന്നീട് സർക്കാരിൽ നിന്നും ലീസിനു ലഭിച്ച 60 സെന്റ് സ്ഥലത്താണ് ഈ ആശുപത്രിയുടെ ആദ്യ ഘട്ട വികസനം നടത്തിയത്. കാഷ്വാലിറ്റി, ട്രോമ കെയർ, കിടത്തി ചികിത്സ, ഓപ്പറേഷൻ തിയറ്ററുകൾ, സർജിക്കൽ മെഡിക്കൽ ഐ സി യു ,ലബോറട്ടറി, ഫാർമസി, ദന്തരോഗ വിഭാഗം, കണ്ണാശുപത്രി, ആയുർവേദ പഞ്ചകർമ്മ ചികിത്സാ വിഭാഗം, സൈക്കോ തെറാപ്പി പാലിയേറ്റീവ് കെയർ തുടങ്ങിയ ചികിത്സ സൗകര്യങ്ങൾ നിലവിലുണ്ട്. ആശുപത്രിയുടെ വികസന സൗകര്യങ്ങൾക്കായി 40 സെന്റ് സ്ഥലം കൂടി ഇതിനോട് ചേർന്ന് ലീസിനു ലഭിക്കുവാൻ സർക്കാരിൽ നിവേദനം നൽകി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.