# ബാക്കിത്തുക അടയ്ക്കാൻ ചെയർപേഴ്സന്റെ നിർദ്ദേശം
ആലുവ: ജീവനക്കാർക്ക് ശമ്പളം പോലും യഥാസമയം വിതരണം ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന ആലുവ നഗരസഭ ടൗൺഹാൾ അനധികൃതമായി പകുതി വാടകയ്ക്ക് ഉദ്യോഗസ്ഥർ നൽകിയത് നഗരസഭാദ്ധ്യക്ഷയും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും ചേർന്ന് പിടികൂടി.
ഉത്തരേന്ത്യക്കാരായ സ്വകാര്യ കച്ചവടക്കാർക്ക് വസ്ത്രങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി അഞ്ച് ദിവസത്തേക്കാണ് നഗരസഭ അദ്ധ്യക്ഷയോ സെക്രട്ടറിയോ അറിയാതെ ചില ഉദ്യോഗസ്ഥർ ചെറിയ വാടകയ്ക്ക് കൈമാറിയത്. സാധാരണ യോഗങ്ങൾക്ക് 11,000 രൂപയും മുഴുവൻ സമയമാണെങ്കിൽ 18,000 രൂപയാണ് നഗരസഭയ്ക്ക് നൽകേണ്ടത്. ബിസിനസ് ആവശ്യങ്ങൾക്ക് ഇരട്ടിത്തുകയുമാണ്. വ്യാപാരാവശ്യത്തിനാണെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ 11,000 രൂപയ്ക്ക് വാടകയ്ക്ക് നൽകുകയായിരുന്നു.
ഇന്നലെ രാവിലെ പൊതുപൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ ഫെസ്റ്റിവൽ സെയിൽസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓഫീസിലെത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ ചെയർപേഴ്‌സൺ ലിസി എബ്രഹാം മുഖേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാബിനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഉദ്യോഗസ്ഥർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.
ഒരു ഹിന്ദിക്കാരൻ വന്ന് അപേക്ഷ നൽകിയെന്നും പിന്നീട് കീഴ്മാടുള്ള ഒരാൾ ട്രസ്റ്റിൻെറ പേരിൽ തുകയടച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 24 മണിക്കൂർ ഉപയോഗിക്കുന്ന ടൗൺ ഹാളിന് രണ്ടിരട്ടി തുക വാങ്ങണമെന്നും അതിന് തയ്യാറല്ലെങ്കിൽ വില്പന നിർത്താനും ചെയർപേഴ്‌സൺ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.