accident
വൈദ്യുതി ലൈൻ പൊട്ടി വീണ് പരിക്കേറ്റ ഷഫീറിനെ ദേശം കുന്നുംപുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

നെടുമ്പാശേരി: ബൈക്ക് യാത്രക്കാരനായ യുവാവിൻെറ ദേഹത്ത് വൈദ്യുതി ലൈൻ പൊട്ടിവീണു. ഷോക്കടിച്ച് റോഡിൽ തെറിച്ച് വീണെങ്കിലും രക്ഷപെട്ടു. പരിക്കേറ്റ യുവാവിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശം പുറയാർ ഗാന്ധിപുരം തെക്കെയിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷഫീറിനാണ് (38) പരിക്കേറ്റത്.

കാലടി റോഡിൽ ദേശം ബസ് സ്റ്റോപ്പിന് 50 മീറ്ററോളം തെക്ക് മാറി ജൻ ഔഷധിക്ക് സമീപം ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. ആലുവയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു യുവാവ്. ലൈനിൽ തീപാറുകയും പൊടുന്നനെ എന്തോ ദേഹത്ത് പതിക്കുകയും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നുവെന്നാണ് ഷഫീർ പറയുന്നു. തിരക്കേറിയ റോഡാണിത്. അപകട സമയത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുണ്ടാകാതിരുന്നത് ഭാഗ്യമായി. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, പഞ്ചായത്ത് മെമ്പർ ജെർളി കപ്രശേരി തുടങ്ങിയവർ ആശുപത്രിയിലത്തെി. അത്താണി കെ.എസ്.ഇ.ബി അധികൃതരുടെ നിരുത്തരവാദിത്വമാണ് അപകടത്തിനിടയാക്കിയതെന്നും അതിനാൽ അപകടത്തിനിരയായ യുവാവിന് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ആവശ്യപ്പെട്ടു.

തിരിഞ്ഞുനോക്കാതെ കെ.എസ്.ഇ.ബി

നെടുമ്പാശേരി: വൈദ്യുതി ലൈൻ പൊട്ടിവീണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം. പരിക്കേറ്റ മുഹമ്മദ് ഷഫീറിനെ ആശുപത്രിയിൽ സന്ദർശിക്കുകയോ അപകട വിവരം തിരക്കുകയോ ചെയ്തില്ല.

ദേശംകാലടി റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീഴുന്നതും കാറ്റിൽ താഴ്ന്ന് ആടിയുലയുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഗാന്ധിപുരം ഭാഗത്ത് അടുത്തിടെ വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് ആക്ഷേപം. റോഡിൽ ലൈൻ പൊട്ടി വീണതറിയാതെ സഞ്ചരിച്ച ഗാന്ധിപുരം പുളിക്കായത്ത് വീട്ടിൽ അൻവറിന് (44) അന്ന് സാരമായി പരിക്കേറ്റിരുന്നു.