കൊച്ചി: ‘വർഗ്ഗീയത വേണ്ട, ജോലി മതി’എന്ന മുദ്രാവാക്യമുയർത്തി 15 ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ 8.30ന് ജില്ലാ അതിർത്തിയായ മടക്കത്താനത്ത് ജാഥയെ വരവേൽക്കും.
തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ആദ്യ സ്വീകരണ കേന്ദ്രമായ മുവാറ്റുപുഴയിലെത്തിക്കും. 10 ന് കോതമംഗലത്തും 11.30ന് പെരുമ്പാവൂരിലും സ്വീകരിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ജാഥയ്ക്ക് പട്ടിമറ്റത്താണ് സ്വീകരണം. 4.30ന് തൃപ്പൂണിത്തുറയിൽ സ്വീകരണത്തിന് ശേഷം 6.30ന് തോപ്പുംപടിയിൽ പര്യടനം സമാപിക്കും. സമാപന പൊതുസമ്മേളനം എ.എൻ.ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിനമായ വെള്ളിയാഴ്‌ച രാവിലെ ഒമ്പന് വൈപ്പിൻ ഞാറയ്ക്കലിൽ നിന്ന് പര്യടനം ആരംഭിച്ച് 10ന് പറവൂർ, 11.30ന് അങ്കമാലി, 3.30ന് ആലുവ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. സൗത്ത് കളമശ്ശേരിയിൽ നടക്കുന്ന സമാപന സമ്മേളനം എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
15 ന് വൈകിട്ട് എറണാകുളം മറൈൻഡ്രൈവിലാണ് യൂത്ത് സ്ട്രീറ്റ് നടക്കുന്നത്. രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ അരലക്ഷം യുവജനങ്ങൾ അണിനിരക്കും. മറൈൻ ഡ്രൈവിൽ ചേരുന്ന സമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.