ഇടപ്പള്ളി : പൊതുടാപ്പുകളുടെ ബിൽ കുടിശികയായി കൊച്ചി കോർപ്പറേഷൻ ജലഅതോറിറ്റിക്ക് നൽകാനുള്ളത് 94,11,15,861രൂപ. മൂന്നുവർഷമായി ഈ ഇനത്തിൽ നയാപൈസ നഗരസഭ അടച്ചിട്ടില്ല.
ജല അതോറിറ്റി കൃത്യമായി മാസാമാസം ബില്ല് നൽകുന്നുണ്ടെങ്കിലും കോർപ്പറേഷൻ കണ്ട മട്ടില്ല. 2016 ഏപ്രിലിൽ സർക്കാർ 1.27 കോടി രൂപ പിടിച്ചു നൽകിയതാണ് ഒടുവിലത്തെ അടവ്. അറ്റകുറ്റപ്പണികൾക്കും ജലഅതോറിറ്റി പ്രതിഫലം നൽകണം. ഏതുസമയവും കുടിവെള്ള വിതരണം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുകളും നൽകുന്നുണ്ട്. പൊതു ടാപ്പുകളായതിനാലാണ് കണക്ഷൻ വിച്ഛേദിക്കാത്തത്.
#കൊച്ചിയിൽ മൊത്തം പൊതുവിതരണ ടാപ്പുകൾ 5909
#ഒരു മാസത്തെ ബിൽ 38,82,213 രൂപ
#ഒരു ടാപ്പിനു വർഷത്തിൽ 7884 രൂപ
#പൊതുടാപ്പുകളോട് ഇഷ്ടമില്ല
വഴിയോരങ്ങളിലെ കുടിവെള്ള വിതരണ ടാപ്പുകളുടെ അവസ്ഥ പരിതാപകരം. പലേടത്തും തറ നിരപ്പിലാണ് ടാപ്പ്. ഓസും മറ്റും ഘടിപ്പിച്ചാണ് വെള്ളം എടുക്കുന്നത് . കേടുപാടുകൾ നാട്ടുകാർ തന്നെ തീർക്കും. അന്യസംസ്ഥാനക്കാരാണ് അധികവും പൊതുടാപ്പുകളെ ആശ്രയിക്കുന്നത്.
#ബാധ്യതകൾ ഒഴിവാക്കാം
പൊതുടാപ്പുകൾ വ്യാപകമായി ദുരുപയോഗിക്കുന്നുണ്ട്. നഗരസഭ മുന്നിട്ടിറങ്ങിയാൽ ഇത് അവസാനിപ്പിക്കാം. ബാദ്ധ്യതയും കുറയ്ക്കാം. വളരെ കുറച്ച് പേരെ പൊതുടാപ്പുകളെ ആശ്രയിക്കുന്നുള്ളൂ. ഇവർക്ക് നഗരസഭ തന്നെ കണക്ഷൻ എടുത്തു നൽകി ബില്ലടച്ചാൽ തന്നെ വമ്പിച്ച ലാഭമുണ്ടാകും. മറുനാട്ടുകാർക്ക് കിയോസ്ക് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ മതി. ആലപ്പുഴ നഗരസഭ ഇത് കൃത്യമായി നടപ്പാക്കിയിട്ടുണ്ട്.
പി .ഗിരീശൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ജല അതോറിറ്റി
#ജലഅതോറിറ്റിയുടെ കണക്കുകൾ അംഗീകരിക്കില്ല
പൊതുടാപ്പുകളുടെ കാര്യത്തിൽ ജല അതോറിറ്റി ചൂണ്ടിക്കാട്ടുന്ന വലിയ തുക നഗരസഭ
നല്കാനില്ല.അവരുടെ കണക്കുകൾ പഴയ കാല പൊതു ടാപ്പുകളുടേതാണ്.എന്നാൽ എപ്പോൾ അത്രയും
പൊതുടാപ്പുകൾ നഗരസഭയുടെ പരിധിയിൽ ഇല്ല . പൊതു ടാപ്പുകളുടെ കണക്കുകൾ
വിലയിരുത്താൻ കൂട്ടായ പരിശോധനക്കായി നിരവധി തവണ ജലസേചന അതോറിറ്റിയുമായി
ബന്ധപ്പെട്ടിരുന്നങ്കിലും ഇതുവരെ അവരുടെ ഭാഗത്തു നിന്ന് ഒരു അനുകൂല
നടപടികളും ഉണ്ടായിട്ടില്ല. വാർഡുതല പരിശോധന നടത്തി അതനുസരിച്ചുള്ള തുകയെ ജലസേചന അതോറിറ്റിക്ക് നല്കാൻ കഴിയൂ.
സൗമിനി ജെയിൻ,മേയർ